കണ്ണൂരിൽ ആറിടത്ത് എതിരില്ലാതെ എൽഡിഎഫ്

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ ആറിടത്ത് എൽഡിഎഫിന് വിജയം. ആന്തൂർ നഗരസഭയിലെ രണ്ടിടത്തും മലപ്പട്ടം, കണ്ണിപുരം ഗ്രാമപഞ്ചായത്തുകളിലെ രണ്ടിടത്തുമാണ് സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്. പത്രിക സമർപ്പിക്കേണ്ട അവസാന സമയമായ വെള്ളിയാഴ്ച, വൈകിട്ടുവരെ ആറിടത്തും മറ്റാരും പത്രിക നൽകിയില്ല. പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.

ആന്തൂർ നഗരസഭയിൽ നിലവിൽ എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത സാഹചര്യമാണുള്ളത്. മോറാഴ വാർഡിൽ കെ രജിതയും പൊടിക്കുണ്ട് വാർഡിൽ കെ പ്രേമരാജനുമാണ് എതിരില്ലാതെ വിജയിച്ചത്. ആന്തൂർ നഗരസഭ പിറവിയെടുത്ത 2015-ലെ ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 28 വാർഡിൽ 14-ലും എൽഡിഎഫ് എതിരില്ലാതെ വിജയം നേടിയിരുന്നു. 2020-ൽ അത് ആറിൽ ഒതുങ്ങി.

വോട്ടിങ് തുടങ്ങും മുൻപേ ആറ് സീറ്റുകളിൽ എതിരില്ലാത്ത വിജയം നേടാനായത് എൽഡിഎഫ് പക്ഷത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. കണ്ണൂർ ജില്ലയിൽ എൽഡിഎഫ് പതിവായി നേടുന്ന എതിരില്ലാത്ത വിജയം ഇക്കുറിയും തുടരുമെന്നാണ് വിലയിരുത്തൽ. മലപ്പട്ടം ഗ്രാമ പഞ്ചായത്തും സിപിഎമ്മിന്റെ ചെങ്കോട്ടയാണ്. അടുവാപ്പുറം നോർത്തിൽ ഐവി ഒതേനനും അടുവാപ്പുറം സൗത്തിൽ സി കെ ശ്രേയയും കണ്ണിപുരം പഞ്ചായത്തിൽ ഇടക്കേപ്പുറം സൗത്തിൽ പി രീതിയും ഇടക്കേപ്പുറം സെന്ററിൽ പിവി രേഷ്മയുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് സ്ഥാനാർഥികൾ.