കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ച് ആരാധകർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച് ആരാധകർ. എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിക്ക് പുറത്താണ് ആഘോഷം നടന്നത്. കേസിൽ ആദ്യ ആറു പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. അതേസമയം കുറ്റക്കാർക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും.

കോടതിവിധിക്ക് പിന്നാലെ വൻ ആഘോഷപ്രകടനങ്ങളാണ് ദിലീപിന്റെ ആരാധകർ നടത്തിയത്. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും കോടതി പരിസരത്ത് അവർ നിലയുറപ്പിച്ചു. കോടതി പരിസരത്തുള്ളവർക്ക് ഇവർ ലഡു നൽകി. മാത്രമല്ല ദിലീപിന്റെ വീടിന് പുറത്തും ആഘോഷങ്ങളുണ്ടായി. വീടിന് പുറത്ത് കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ് കോടതി വിധി പറഞ്ഞത്. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി. 8,9,10,15 പ്രതികളെയാണ് കോചടതി വെറുതെവിട്ടത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ചൊവ്വാഴ്ചയാണ് വിധി പറഞ്ഞത്. 2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽ നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്.