‘ എൻഎസ്എസിനെ എസ്എൻഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ്’; വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി – എൻഎസ്എസ് സഹകരണത്തിന് വീണ്ടും കളമൊരുങ്ങുന്നു. ഐക്യം അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇരുസംഘടനകളേയും തമ്മിൽ തല്ലിച്ചത് മുസ്ലിംലീഗ്. സഹകരണത്തിനായി എസ്എൻഡിപി മുൻകൈ എടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഈമാസം 21ന് എസ്എൻഡിപി യോഗം ആലപ്പുഴയിൽ.

ഈ കാലത്ത് എല്ലാവരും ഐക്യത്തിന്റെ പാതയിൽ. കൂട്ടായ്മ അനിവാര്യം. ഭിന്നിച്ച് നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ല. നിർഭാഗ്യവശാൽ ആ യോജിപ്പ് ഉണ്ടായി. അത് മനപ്പൂർവമല്ല. അവിടെ കൊണ്ടുചെന്ന് ഞങ്ങളെ എത്തിച്ചു എന്നുള്ളതാണ്. അതിൽ പ്രധാന ഘടകം സംവരണമാണ്. സംവരണം പറഞ്ഞുകൊണ്ട് എന്നെ കൊണ്ടു നടന്നു. ഞാൻ അതിന്റെ പിറകേ പോയി എന്നുള്ളത് സത്യമാണ്. പിന്നീട് ചതിക്കപ്പെട്ടു എന്ന് മനസിലായി. യുഡിഎഫ് ആണ് ചതിച്ചതെന്ന് പറഞ്ഞിട്ടില്ല. എൻഎസ്എസിനെ എസ്എൻഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ് നേതൃത്വമാണ്. ഞങ്ങളെ അകറ്റി നിർത്തിക്കൊണ്ട് ഈ പണികളെല്ലാം ചെയ്തത് അവരാണ്. അവരെല്ലാം യോജിച്ചു നിന്നുകൊണ്ട് ഭരണത്തിൽ വന്നിട്ട് ഒരു പരിഗണനയും തന്നില്ല- അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ വീണ്ടും വെള്ളാപ്പള്ളി നടേശൻ കടന്നാക്രമിച്ചു വി.ഡി സതീശൻ ഇന്നലെ പൂത്ത തകരയെന്നായിരുന്നു പരിഹാസം. താൻ വർഗീയ വാദിയാണോയെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പറയട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എതിർത്തത് ലീഗിന്റെ വർഗീയ സ്വഭാവത്തെയെന്നും വിശദീകരണമുണ്ട്.

നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ യോജിപ്പ് അനിവാര്യം. താൻ മുസ്ലീം വിരോധി അല്ല. ലീഗ് തന്നെ വർഗീയവാദി ആക്കി മാറ്റി. ലീഗിന്റെ വർഗീയ സ്വഭാവത്തെ താൻ എതിർത്തു. അതിന്റെ പേരിൽ തന്നെ വർഗീയ വാദി ആക്കി. ആടിനെ പട്ടിയാക്കി, പട്ടിയെ പേപട്ടി ആക്കി തല്ലി കൊല്ലാൻ ശ്രമിക്കുന്നു. വിഡി സതീശൻ ലീഗിന് പിന്തുണ നൽകുന്നു. എ കെ ആന്റണിയോ രമേശ് ചെന്നിത്തലയോ കെ സി വേണുഗോപാലോ പറയട്ടെ ഞാൻ വർഗീയ വാദി ആണെന്ന്. വിഡി സതീശൻ ഇന്നലെ മുളച്ച തകര. വിഡി സതീശൻ തന്നെ നിരന്തരം വേട്ടയാടുന്നു. ഈ മാന്യന്റെ ഉപ്പാപ്പ വിചാരിച്ചാലും എസ്എൻഡിപിയേ പിളർത്താൻ ആവില്ല. ഞങ്ങൾ യോജിച്ചാൽ നിങ്ങൾക്ക് എന്ത് പ്രശ്‌നം? യോജിക്കേണ്ടവർ യോജിക്കണം. ഇത് കാലത്തിന്റെ അനിവാര്യതയാണ്. ജനം ആഗ്രഹിക്കുന്ന ഐക്യം. ഐക്യത്തിന് എസ്എൻഡിപി മുൻകൈ എടുക്കും. ഞങ്ങളുടെ ദൗത്യം അതാണ് – വെള്ളാപ്പള്ളി പറഞ്ഞു. തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഈമാസം 21ന് എസ്എൻഡിപി യോഗം ആലപ്പുഴയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിക്കുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിക്കും ഐക്യം ഇടം നൽകില്ല. ഇതിൽ രാഷ്ട്രീയ നീക്കമില്ല. ഏത് രീതിയിൽ വേണമെങ്കിലും ആളുകൾക്ക് കാണാം എസ്എൻഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. എൻഎസ്എസ് ചർച്ചക്കുള്ള വാതിൽ തുറന്നു. കൂടികാഴ്ച്ച ഉടൻ ഉണ്ടാവും. സമയമോ തീയതിയോ തീരുമാനിച്ചില്ല. തനിക്ക് എതിരായ ആക്രമണം അതിരു കടന്നപ്പോൾ ആയിരിക്കും സുകുമാരൻ നായർ എനിക്കൊപ്പം നിന്നത്. ഞങ്ങൾ തമ്മിൽ നാളിതുവരെ ഫോണിൽ സംസാരിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.

സതീശൻ ലീഗിന്റെ ഗുഡ് ബുക്കിൽ കയറാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപിയേ വിമർശിക്കുന്നത് അതിന് വേണ്ടിയാണ്. വിഡി സതീശൻ രാഷ്ട്രീയം പഠിച്ചിട്ടില്ല. രമേശ് ചെന്നിത്തലയും കെസി വേണുഗോപലുമൊക്കെ മുഖ്യമന്ത്രിയാവൻ യോഗ്യർ. വിഡി സതീശൻ യോഗ്യനെന്ന് സ്വയം കരുതുന്നു – അദ്ദേഹം പറഞ്ഞു.