പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വി ഡി സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അതിന്റെ തിരിച്ചടി അവർക്ക് കിട്ടുമെന്നും ജി സുകുമാരൻ നായർ വിമർശിച്ചു. സമുദായ സംഘടനകളുടെ തിണ്ണനിരങ്ങില്ലെന്ന് പറഞ്ഞയാൾ സിനഡ് യോഗത്തിൽപ്പോയി കാലുപിടിച്ചില്ലേയെന്നും വി ഡി സതീശനെ ലക്ഷ്യം വച്ച് ജി സുകുമാരൻ നായർ രൂക്ഷ വിമർശനം ഉന്നയിച്ചു.

നയപരമായ വിഷയത്തെ അഭിമുഖീകരിക്കാൻ വി ഡി സതീശന് യോഗ്യതയില്ല. ഇത്തരം തത്വങ്ങളൊന്നും പറയാൻ തീരെ യോഗ്യതയില്ലാത്തയാളാണ് വി ഡി സതീശനെന്നും അദ്ദേഹം ആഞ്ഞടിച്ചു. ചില പരാമർശങ്ങളിൽ വെള്ളാപ്പള്ളി നടേശന് വീഴ്ച പറ്റിയിട്ടില്ലെന്ന് പറയുന്നില്ലെന്നാണ് സുകുമാരൻ നായരുടെ പക്ഷം. ചില സംഘടനകൾക്കെതിരായാണ് വെള്ളാപ്പള്ളി സംസാരിച്ചത്. ലീഗെന്നാൽ മുസ്ലീമെന്നാണോ അർഥമെന്നും വെള്ളാപ്പള്ളിയുടെ പ്രായത്തേയും പരിഗണിക്കേണ്ടതുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.


വെള്ളാപ്പള്ളിയെ ഈ രീതിയിൽ ആക്ഷേപിക്കരുത്. തന്നെക്കുറിച്ച് നിരവധി പരാമർശങ്ങൾ നടത്തിയയാളാണ് വെള്ളാപ്പള്ളി. പക്ഷേ അതെല്ലാം ക്ഷമിക്കാനാണ് എൻഎസ്എസ് തീരുമാനിച്ചത്. എൻഎസ്എസ്-എസ്എൻഡിപി ഐക്യം തകർത്തത് ലീഗെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തോട് സുകുമാരൻ നായർ യോജിക്കുന്നില്ല. ലീഗൊന്നും അതിൽ ഒന്നും ചെയ്തിട്ടില്ലെന്നും സംവരണ വിഷയമാണ് ഐക്യം തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം ചെയ്യാനല്ല എൻഎസ്എസും എസ്എൻഡിപിയും ഒരുമിക്കുന്നത്. എൻഎസ്എസ്- എസ്എൻഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജി സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.























