‘പൊങ്കാല ജീവതത്തിന്റെ ഭാഗമായി കഴിഞ്ഞു’: ആറ്റുകാൽ പൊങ്കാലയിടാനെത്തി ചിപ്പി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. രാവിലെ 9.45 ന് തന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തി. പൊങ്കാല ജീവതത്തിന്റെ ഭാഗമായി കഴിഞ്ഞു, ഇത്തവണയും ആഗ്രഹങ്ങളുണ്ടെന്നും ചിപ്പി പറഞ്ഞു. ഒരുപാട് പ്രാർത്ഥനകളോടെ എല്ലാ വർഷവും പൊങ്കാല ഇടണമെന്ന് ആഗ്രഹമാണ് ഉള്ളത്. എല്ലാം നന്നായിട്ട് പോകണമെന്നാണ് പ്രാർത്ഥനയെന്നും വലിയ സന്തോഷത്തിലാണെന്നും ചിപ്പി കൂട്ടിച്ചേർത്തു. എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാൽ ഇരുപത് വർഷം മേലെ ഉണ്ടാകും. ഒരുപാട് വർഷമായില്ലേ. എല്ലാവർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുംപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ലെന്നും ചിപ്പി പറഞ്ഞു.

അതേസമയം, പൊങ്കാലയ്ക്ക് ശേഷം ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക.