തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മാലിന്യ വിവാദത്തിൽ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ. മാലിന്യം നീക്കുന്നതിൽ വീഴ്ച വരുത്തിയ അഞ്ചു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കം രാഷ്ട്രീയ വിവാദമായതോടെയാണ് ജീവനക്കാർക്കെതിരെ നഗരസഭ നടപടി എടുത്തത്.

ആറ്റുകാൽ ക്ഷേത്രം ഉൾപ്പെടുന്ന, മണക്കാട്,ജഗതി സർക്കിൾ ഓഫീസുകളിലെ ഹെൽത്ത് ഇൻസ്പെക്ടർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കെതിരെയാണ് കൂട്ട നടപടി. ജഗതി സർക്കിൾ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ ബിസ്മി റാണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആശാദിവാഗർ മണക്കാട് സർക്കിളിലെ രാഖി,ആതിര, പ്രദീപ് എന്നിവരെ മറ്റ് ഓഫീസുകളിലേക്ക് സ്ഥലംമാറ്റി. മാലിന്യം മാറ്റാതെ വീഴ്ച സംഭവിച്ച പ്രദേശത്തെ ചുമതല ഈ ഉദ്യോഗസ്ഥർക്ക് ആയിരുന്നു. തുടർന്നാണ് നടപടി.


ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ നീക്കം പാളിയത് തെരഞ്ഞെടുപ്പ് സമയത്ത് നഗരസഭ ഭരിക്കുന്ന ബിജെപിക്കെതിര രാഷ്ട്രീയ ആയുധം ആയി എടുത്തിരിക്കുകയാണ് എൽഡിഎഫ്. മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനങ്ങൾക്ക് മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന മറുപടിയാണ് മേയർ വി വി രാജേഷ് നൽകിയത്.























