കയ്യിലെ മുഴ ആണ് സർജറി ചെയ്തത്, ഞരമ്പു മുറിച്ചെന്ന് ഒന്നും പറഞ്ഞേക്കല്ലേ: അനുമോൾ

റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ തന്റെ കയ്യിലെ സർജറിയെക്കുറിച്ച് പങ്കുവച്ച പുതിയ വ്ലോഗാണ് ശ്രദ്ധ നേടുന്നത്. കയ്യിൽ രൂപപ്പെട്ട മുഴ നീക്കം ചെയ്യാനായി ആശുപത്രിയിൽ സർജറി ചെയ്യാൻ പോയതിന്റെ വിവരങ്ങളാണ് വ്ലോഗിലുള്ളത്. ശരീരത്തിൽ മുഴകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കരുതെന്ന് അനുമോൾ പറയുന്നു. കയ്യിലെ കെട്ടുമായി പുറത്തിറങ്ങുമ്പോൾ അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നു എന്നൊന്നും പറഞ്ഞേക്കരുതെന്നും അനുമോൾ പറയുന്നു.

‘‘ഒരു കുഞ്ഞ് സർജറിയുണ്ട്. വലിയൊരു സംഭവമൊന്നുമല്ല. കയ്യിൽ ഒരു സിസ്റ്റ് വളരുന്നുണ്ട്. ഒരുവർഷമായുണ്ട്, ബിഗ് ബോസിലേക്ക് പോകുന്നതിന് മൂന്ന് മാസം മുമ്പാണ് ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് സർജറിക്കുള്ള സമയം കിട്ടിയിരുന്നില്ല. നല്ല തിരക്കായിരുന്നു.

റെസ്റ്റ് എടുക്കാൻ സമയം വേണമായിരുന്നു. അതുകൊണ്ട് സാഹചര്യം ഒത്തുവന്നപ്പോൾ സർജറി ചെയ്തേക്കാമെന്ന് കരുതി. ഗാംഗ്ലിയൻ സിസ്റ്റ് എന്നാണ് കയ്യിലെ മുഴയ്ക്ക് പറയുന്ന പേര്. യഥാർഥത്തിൽ ഒരു തരത്തിലുള്ള ഫാറ്റാണ് സിസ്റ്റായി മാറിയത്. പെട്ടെന്ന് ഇതുപോലുള്ള മുഴകൾ ശരീരത്തിൽ വരുമ്പോൾ ആളുകൾ ഭയക്കും. ഡോക്ടർമാരോടെല്ലാം ഇക്കാര്യം പറഞ്ഞപ്പോൾ അവർ പേടിക്കേണ്ടെന്ന് പറഞ്ഞു. സർജറി ചെയ്ത് കളയാവുന്ന കാര്യമേയുള്ളുവെന്നും പറഞ്ഞു

ഇതുപോലെ ശരീരത്തിൽ മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. വൈകിപ്പിക്കരുത്. കണ്ടില്ലെന്ന് നടിക്കരുത്. ഇനിയും ചിലപ്പോൾ മുഴ തിരിച്ച് വരാൻ സാധ്യതയുണ്ട്. കയ്യിലെ കെട്ടുമായി പുറത്തിറങ്ങുമ്പോൾ അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നുവെന്നൊക്കെ ചിലർ വിചാരിക്കും. ഞരമ്പ് മുറിക്കാൻ എനിക്ക് വേറെ പണിയില്ലേ.’’ അനുമോള്‍ പറയുന്നു.