കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി എം ആർഷോയ്ക്ക് അനർഹമായി പിജി പ്രവേശനം നൽകിയ പ്രിൻസിപ്പാളിനെ എതിരെയുള്ള നടപടി താക്കീതിൽ ഒതുക്കി. മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന ഡോ. വി എസ് ജോയിയാണ് ഇടത് അനുകൂല സിൻഡിക്കേറ്റ് സഹായിച്ചത്. പ്രവേശനവുമായി ബന്ധപ്പെട്ട് ചട്ട വിരുദ്ധ നടപടികൾ നടന്നെന്ന സർവകലാശാല രജിസ്ട്രാറുടെ റിപ്പോർട്ട് മറികടന്നാണ് സിന്ഡിക്കേറ്റ് നടപടി. എസ്എഫ്ഐ നേതാവിനെ വഴിവിട്ട് സഹായിച്ച പ്രിൻസിപ്പാളിനെ തൊട്ടു തലോടി ഇടത് സിൻഡിക്കേറ്റ്.

ഇത്തരം വിഷയങ്ങളിൽ ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണം എന്ന ഓർമ്മപ്പെടുത്തൽ മാത്രമാണ് സിൻഡിക്കേറ്റ് പ്രിൻസിപ്പാളിന് നൽകിയത്. ആർഷോയുടെ പ്രവേശനം സംബന്ധിച്ച് തെറ്റായ റിപ്പോർട്ടാണ് മഹാരാജാസ് കോളേജ് നൽകിയത് എന്ന് ബോധ്യപ്പെട്ടതായി സർവകലാശാല രജിസ്ട്രാർ സിൻഡിക്കേറ്റ് യോഗത്തെ അറിയിച്ചെങ്കിലും ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇടതുപക്ഷ അംഗങ്ങൾ മാത്രമുള്ള സിൻഡിക്കേറ്റിന്റെ അവസാനയോഗതിലാണ് എസ്എഫ്ഐ നേതാവിനും പ്രിൻസിപ്പളിനും സംരക്ഷണം ഒരുക്കുന്ന തീരുമാനമെടുത്തത്. 2024 ലാണ് പി എം ആർ ഷോയുടെ പ്രവേശനം സംബന്ധിച്ചുള്ള വിഷയം വിവാദമായത്. മഹാരാജാസ് കോളേജിൽ അഞ്ച് വർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിനാണ് ആർഷോ പഠിച്ചത്. ആറാം സെമസ്റ്റർ പാസാക്കാത്ത ആർഷോയ്ക്ക് ഏഴാം സെമസ്റ്റിലേക്ക് പ്രവേശനം നൽകിയതായിരുന്നു പരാതി. മാത്രമല്ല 5, 6 സെമസ്റ്റർ പരീക്ഷ എഴുതാൻ 75% ഹാജർ വേണമെങ്കിൽ 10% മാത്രം ഹാജറുള്ള ആർഷ പരീക്ഷ എഴുതിയെന്നും ആക്ഷേപം ഉയർന്നു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ചാൻസറായ ഗവർണർക്കും സർവകലാശാല വൈസ് ചാൻസർക്കും പരാതി നൽകിയതോടെയാണ് വിഷയം പുറത്തിറഞ്ഞത്.


സർവ്വകലാശാല യൂണിയന്റെയും കോളേജ് യൂണിയന്റെയും പ്രവർത്തനങ്ങളുടെ പേരിൽ ആർഷയ്ക്ക് ഹാജർ ഇളവ് നൽകിയതായിരുന്നു അന്നത്തെ പ്രിൻസിപ്പാളിന്റെ വാദം. എന്നാൽ ഒരു സെമസ്റ്ററിൽ പരമാവധി 15 ദിവസത്തെ ഹാജർ മാത്രമേ ഇളവ് ചെയ്തു നൽകാൻ കഴിയുള്ളൂ എന്നാണ് സർവകലാശാല ചട്ടം. ഇത് അടക്കമുള്ള കാര്യങ്ങളിൽ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നു എന്ന് സർവകാലശാലയും കണ്ടെത്തിയിരുന്നു.






















