തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ദളപതി വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെ ഇരുവരും വീണ്ടും ഒന്നിച്ചെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. നിലവിൽ പുറത്തുവരുന്ന തമിഴ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ ഒത്തുതീർപ്പിന് പിന്നിൽ കുടുംബാംഗങ്ങളുടെ ശക്തമായ ഇടപെടലുണ്ടെന്നാണ് സൂചന.ഇപ്പോൾ പ്രചരിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ പ്രകാരം, ദമ്പതികൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ശക്തമായി മുന്നിട്ടിറങ്ങിയതായാണ് അറിയുന്നത്.

അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലുള്ള സംഗീത ചെന്നൈയിലെ നീലാംകരെ ഇല്ലത്തേക്ക് മടങ്ങിയെത്തിയെന്നും ഇരുവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ച് സമയം ചിലവഴിക്കുകയാണെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ജൂൺ 22ന് വിജയ്‌യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലും മറ്റും പരക്കുന്ന പ്രധാന ഊഹാപോഹം. അതേസമയം, ഇപ്പോൾ പ്രചരിക്കുന്ന ഒന്നുചേരലിന്റെ വാർത്തകളോട് വിജയോ സംഗീതയോ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുകയോ വാർത്തകൾ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
























