തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റുത്ത് പ്രഭു അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകനും സാമന്തയുടെ ഭർത്താവുമായ രാജ് നിഡിമോരുവിനും സാമന്തയ്ക്കും ഈ വർഷം അവസാനം ആദ്യ കൺമണി ജനിക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുകയാണ്. 2026 ഡിസംബറിലാണ് കുഞ്ഞ് ജനിക്കുകയെന്നാണ് വിവരം. സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ ‘മാ ഇൻ്റി ബംഗാാരം’ എന്ന സിനിമയുടെ വിജയാഘോഷങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരം ഗർഭിണിയാണെന്ന തരത്തിലുള്ള ചർച്ചകൾ ആരാധകർക്കിടയിൽ ശക്തമായത്. ആഘോഷത്തിനിടയിലെ വിഡിയോകളിൽ സാമന്തയ്ക്ക് നേരിയ രീതിയിൽ ‘ബേബി ബംമ്പ്’ ദൃശ്യമായിരുന്നു. ഇതോടെയാണ് ആരാധകർ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.

തൊട്ടുപിന്നാലെ ദേശീയ മാധ്യമങ്ങളിലൂടെ താരത്തോട് അടുത്ത വൃത്തങ്ങൾ വാർത്ത ശരിവെയ്ക്കുകയായിരുന്നു. സിനിമയുടെ റിലീസിന് മുന്നോടിയായി സാമന്തയും രാജും ചിത്രത്തിന്റെ അണിയറപ്രവർത്തകരും തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇവിടെ വെച്ച് വലിയ ജനക്കൂട്ടത്തിനിടയിൽ നിന്ന് സാമന്തയെ അതീവ ശ്രദ്ധയോടെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന രാജ് നിഡിമോരുവിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2025 ഡിസംബർ 1-നാണ് സാമന്തയും രാജ് നിഡിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘ദി ഫാമിലി മാൻ 2’, ‘സിറ്റാഡൽ: ഹണി ബണ്ണി’ തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ഇത് സാമന്തയുടെ രണ്ടാം വിവാഹമാണ്. മുൻപ് പ്രമുഖ തെലുങ്ക് നടൻ നാഗ ചൈതന്യയുമായി സാമന്ത വിവാഹിതയായിരുന്നു. 2017 ഒക്ടോബറിൽ ഗോവയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ഒക്ടോബറിൽ തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ























