കോട്ടയം: എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്. പാലാ സ്വദേശിയായ 52കാരിയുടെ പരിശോധനാഫലമാണ് സംസ്ഥാനത്തിന് ആശ്വാസമായത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ സ്ത്രീയാണ് എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ കാണിച്ചത്.

ആഫ്രിക്കയിലാണ് എബോള രോഗം പടർന്നുപിടിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ നിന്ന് വന്നതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഉടൻ തന്നെ നടപടികൾ സ്വീകരിച്ചത്. ജാഗ്രതയുടെ ഭാഗമായി ഇവരെ കോട്ടയം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജ്യത്തിന് ഒന്നടങ്കം ആശ്വാസം പകർന്ന് നെഗറ്റീവ് ആണ് എന്ന റിപ്പോർട്ട് പുറത്തുവന്നത്.


പനിയെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവർ ആദ്യം ചികിത്സയ്ക്ക് എത്തിയത്. ആഫ്രിക്കയിൽ നിന്ന് വന്നതുകൊണ്ട് ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.























