പത്തനംതിട്ട: ഗവി മീനാറിർ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടും ക്രൂരതയെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച് വെള്ളത്തിൽ മുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തിൽ അതിഗുരുതരമായ 16ഓളം മുറിവുകൾ കണ്ടെത്തി. യുവതിയെ പ്രതി ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരയാക്കിയെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ കുടുംബത്തിന് വനംവകുപ്പ് അടിയന്തര ധനസഹായമായി 11 ലക്ഷം രൂപ നൽകും. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കോർപ്പറേഷൻ 5 ലക്ഷം രൂപയും പെരിയാർ ടൈഗർ റിസർവ് 5 ലക്ഷം രൂപയും നൽകും. പത്തനംതിട്ട ജില്ലാ കളക്ടർ ഒരു ലക്ഷം രൂപയും നൽകും. കൂടുതൽ തുക നൽകുന്ന കാര്യങ്ങൾ സർക്കാരുമായി കൂടിയാലോചിച്ച് ചെയ്യും. കൊല്ലപ്പെട്ട യുവതിയുടെ നാല് വയസുള്ള മകളുടെ പഠന ചെലവുകൾ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ ഏറ്റെടുക്കും. കെഎഫ്ഡിസി തോട്ടത്തിലും സമീപപ്രദേശത്തും ആളുകൾ താമസിക്കുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും നാട്ടുകാരുമായുള്ള യോഗത്തിൽ ബന്ധപ്പെട്ട അധികൃതർ ഉറപ്പു നൽകി. പൊലീസ് ഔട്ട് പോസ്റ്റും പ്രധാന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായി. കൊല്ലപ്പെട്ട യുവതിയുടെ സംസ്കാര ചടങ്ങുകൾ നടന്നു.


പ്രതിയെ കസ്റ്റഡിയിൽ വാങ്ങി രണ്ടു ദിവസത്തിനകം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. 14 ദിവസം റിമാൻഡ് ചെയ്ത പ്രതി നിലവിൽ കൊട്ടാരക്കര സബ് ജയിലിലാണ്.
അംഗനവാടി ഹെൽപ്പർ ആയിരുന്ന യുവതി ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു കൊല്ലപ്പെട്ടത്. ഉച്ചയോടെ വണ്ടിപ്പെരിയാർ വള്ളക്കടവിന് സമീപത്ത് വച്ച് പ്രതിയെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ ഇന്ന് ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.























