ആദ്യം അൺഫോളോ ചെയ്തു, പിന്നാലെ ട്വിസ്റ്റ്; വിജയ്‌ തൃഷ ചിത്രം വൈറൽ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ജന്മദിനത്തിന് നടി തൃഷ പങ്കുവച്ച ആശംസകൾ അറിയിച്ചുകൊണ്ടുള്ള ചിത്രം വൈറലാകുന്നു. പിറന്നാൾ ദിനത്തിൽ തൃഷയുടെ ഭാഗത്തുനിന്ന് ആശംസകൾ ഒന്നും വരാതിരുന്നതോടെ സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ചർച്ചകളും അഭ്യൂഹങ്ങളും സജീവമായി. ഒപ്പം ഇൻസ്റ്റ​ഗ്രാമിൽ വിജയിനെ തൃഷ അൺഫോളോ ചെയ്തതായും അവർ കണ്ടെത്തി. പിന്നാലെ ഇക്കാര്യം കൂടുതൽ ചർച്ചയായി. ഇരുവരും പ്രണയത്തിലാണെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇരുവരും തമ്മിൽ പിരിഞ്ഞോ എന്ന തരത്തിലായിരുന്നു പുതിയ ചർച്ചകൾ. അതിനിടെയാണ് വൈകിട്ട് ഏഴരയോടെ തൃഷയുടെ ഇൻസ്റ്റഗ്രാമിൽ ആ പിറന്നാൾ പോസ്റ്റ് എത്തുന്നത്.

ചിത്രത്തിൽ വിജയ്‌യും തൃഷയും വളരെ സന്തോഷത്തോടെ കേക്കുകൾക്ക് മുന്നിലിരിക്കുന്നത് കാണാം. മേശപ്പുറത്ത് വലിയ പിങ്ക്-വൈറ്റ് തീം കേക്കും, അതിനടുത്ത് മറ്റൊരു കേക്കും മൂന്ന് ചെറിയ ഡെസേർട്ടുകളും ഉണ്ട്. മെഴുകുതിരി വെളിച്ചത്തിൽ കേക്കിലേക്ക് നോക്കി ചിരിക്കുന്ന വിജയ്‌യെയും, അദ്ദേഹത്തെ സ്നേഹത്തോടെ നോക്കുന്ന തൃഷയെയും കാണാം.ചിത്രത്തിനൊപ്പം തൃഷ നൽകിയ ക്യാപ്ഷനാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്: ‘‘എല്ലാറ്റിനെയും അർഥവത്താക്കുന്ന ആ വ്യക്തിക്ക്, ജന്മദിനാശംസകൾ” എന്നാണ് താരം കുറിച്ചത്. വൈകിയാണെങ്കിലും എത്തിയ ഈ ജന്മദിനാശംസ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. ഇതിനുപുറമെ, ഏഞ്ചൽ നമ്പർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ’00:00′ എന്ന സംഖ്യയും തൃഷ ക്യാപ്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാൽപത് ലക്ഷത്തിനടുത്ത് ലൈക്സും രണ്ട് ലക്ഷം കമന്റുകളുമാണ് ഇതുവരെ പോസ്റ്റിന് ലഭിച്ചത്. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമ്നറുകളാണ് പോസ്റ്റിന് താഴെ വരുന്നത്. എന്നാൽ ഇത് വിജയ്‌യുടെ പുതിയ ചിത്രമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മുമ്പുള്ള ഏതെങ്കിലും പിറന്നാൾ ആഘോഷത്തിൽ നിന്നെടുത്ത ചിത്രമായിരിക്കും ഇതെന്ന സംശയങ്ങളും ഉയരുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും തൃഷ, വിജയ്‌യുടെ അക്കൗണ്ട് അൺഫോളോ ചെയ്തിരിക്കുകയാണ്.

വിജയ്‍യുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി കൊടുത്തതിന് പിന്നാലെയാണ് വിജയും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായിരുന്നു ഇത്. പിന്നീട് പല പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. നിർമാതാവായ കൽപ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് എത്തിയത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതി‌ഞ്ജ ചെയ്യുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനും തൃഷ എത്തിയിരുന്നു.