‘ഇനി മത്സരത്തിനില്ല, സ്ഥാനങ്ങളോട് താൽപര്യമില്ല’; വ്യക്തത വരുത്തി അൻസിബ ഹസൻ

താര സംഘടന ‘അമ്മ’യുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് ഇനി താനില്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസ്സൻ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. മാറ്റം അനിവാര്യമാണെന്നും സംഘടനയുടെ അമരത്തേക്ക് ശക്തരായ യുവതലമുറ കടന്നുവരണമെന്നും അൻസിബ കുറിച്ചു.”സ്നേഹത്തിന് നന്ദി… പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ…” എന്ന തലക്കെട്ടോടെയാണ് അൻസിബ തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

“പ്രിയപ്പെട്ടവരേ,എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്ക‌ാരം. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.സ്നേഹത്തോടെ, അൻസിബ ഹസ്സൻ.

താരസംഘടനയായ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും അൻസിബ ഹസ്സൻ രാജിവെച്ചതിനെത്തുടർന്ന്, സഹപ്രവർത്തകരായ ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവരെ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ആഭ്യന്തര തർക്കങ്ങളാണ് സിനിമാ മേഖലയിൽ ഉണ്ടായത്. അൻസിബ തനിക്ക് അപകീർത്തികരമായ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ച് കുടുംബജീവിതം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ, ഈ പരാതിയുടെ പേരിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ലക്ഷ്മിപ്രിയയ്ക്കും ബന്ധപ്പെട്ട പൊലീസ് ഇൻസ്‌പെക്ടർക്കുമെതിരെ അൻസിബ കോടതിയെ സമീപിച്ചു. ഇതിനുപുറമേ, തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിക്കാനും കരിയർ തകർക്കാനും ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് ടിനി ടോമിനെതിരെയും അൻസിബ നിയമപോരാട്ടത്തിന് തുടക്കമിട്ടിട്ടുണ്ട്.

എന്നാൽ, ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ടിനി ടോം, താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും മതംമാറ്റ ആരോപണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.തർക്കങ്ങൾ തികച്ചും വ്യക്തിപരമാണെന്ന് വ്യക്തമാക്കിയ ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ, സംഘടനയുടെ നിയമങ്ങൾ ലംഘിച്ച് പരസ്യപ്രതികരണങ്ങൾ നടത്തിയതിന് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തതോടെ ഈ ആഭ്യന്തര കലഹം താരസംഘടനയ്ക്കുള്ളിൽ വലിയൊരു പ്രതിസന്ധിയായി മാറി. ഇതിനിടയിൽ, കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ വരവ്-ചെലവ് കണക്കുകളിലെ സുതാര്യതയെക്കുറിച്ച് അൻസിബ ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനാകാതെ വന്നതോടെ, പ്രസിഡന്റ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ‘അമ്മ’യുടെ ഭരണസമിതി മുഴുവനായി രാജിവയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ