മൈസൂരു: വിവാഹത്തിന് തലേന്ന് 21കാരിയായ പ്രതിശ്രുത വധുവിനെയും മാതാപിതാക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മൈസൂരു ജില്ലയിലുള്ള ടി നരസിപുര താലൂക്കിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകൾ രക്ഷിത (21) എന്നിവരാണ് മരിച്ചത്. രക്ഷിതയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെ മൂവരും ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരം. വീട്ടിൽ വച്ച് ഇവർ വിഷം കഴിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇതേ ഗ്രാമത്തിൽ തന്നെയുള്ള ഒരു യുവാവിൽ നിന്നുണ്ടായ നിരന്തരമായ ശല്യപ്പെടുത്തലാണ് ഇവരെ ഈ കടുംകൈയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. രക്ഷിതയെ വിവാഹം കഴിക്കാൻ ഉല്ലാസ് ഗൗഡ ആഗ്രഹിച്ചിരുന്നു. എന്നാൽ രക്ഷിതയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതോടെ, ഈ വിവാഹം നടക്കാതിരിക്കാൻ ഉല്ലാസ് ഗൗഡ ശ്രമം തുടങ്ങി. രക്ഷിതയെക്കുറിച്ച് മോശം പ്രചാരണം നടത്തുകയും പ്രതിശ്രുത വരന് ചില ഫോട്ടോകൾ അയച്ചു കൊടുക്കുകയും ചെയ്തുവെന്നാണ് ആരോപണം.

സംഭവ സ്ഥലത്തു നിന്നും പൊലീസ് ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് ഉത്തരവാദി ഉല്ലാസ് ഗൗഡയാണെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ കത്തിലെ പൂർണമായ വിവരം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടി നരസിപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത കുറിപ്പ്, ഡിജിറ്റൽ തെളിവുകൾ, ഫോൺ രേഖകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

























