താര സംഘടന ‘അമ്മ’യ്ക്കുള്ളിൽ വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമെ തീവ്രമായ രാഷ്ട്രീയ-വർഗീയ ധ്രുവീകരണ ശ്രമങ്ങളും നടന്നിരുന്നതായി നടി മാലാ പാർവതിയുടെ ഗുരുതര വെളിപ്പെടുത്തൽ. അൻസിബ ഹസ്സൻ എന്ന നടിയെ ലക്ഷ്യമിട്ട് വർഗീയ അജണ്ടകൾ നടപ്പാക്കാനും സംഘടനയിലേക്ക് കോടികളുടെ കോർപ്പറേറ്റ് ഫണ്ടുകൾ എത്തിക്കാനും അണിയറയിൽ നീക്കങ്ങൾ നടന്നിരുന്നതായി മാലാ പാർവതി വെളിപ്പെടുത്തി. വർഗീയത വിളിച്ചു പറഞ്ഞ് സംഘടനയ്ക്കുള്ളിൽ ഒരു ധ്രുവീകരണം നടപ്പിലാക്കാൻ പ്രസിഡന്റ് ശ്വേത മേനോൻ ശ്രമിച്ചു എന്നത് തന്റെ ആരോപണമല്ല അനുഭവമാണെന്ന് മാലാ പാർവതി തുറന്നടിച്ചു.

ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റിയുടെ വിശ്വാസ്യതയിൽ ബഹുരാഷ്ട്ര കമ്പനിയായ അദാനി ഗ്രൂപ്പിൽ നിന്ന് 15 കോടി രൂപ സംഘടനയിലേക്ക് എത്തിക്കാൻ നീക്കം നടന്നിരുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമാക്കാർക്ക് വീടും സഹായവും നൽകുന്ന ‘ദക്ഷിണ’ പോലുള്ള പദ്ധതികളുടെ മറവിലാണ് ഈ പണം വാഗ്ദാനം ചെയ്യപ്പെട്ടത്. സാധാരണയായി ‘അമ്മ’ സ്വന്തം നിലയിൽ ഷോകൾ നടത്തി കണ്ടെത്തുന്ന പണമാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാറുള്ളത്. എന്നാൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ നിന്ന് ഇത്രയും വലിയ തുക സംഘടനയിലേക്ക് കൊണ്ടുവരാൻ ഇടനിലക്കാരിയായി നിന്നത് ‘അമ്മ’യിൽ അംഗമല്ലാത്ത, രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവും മുൻ കൗൺസിലറുമായ ശ്രീമതി പത്മജയാണെന്ന് മാലാ പാർവതി വെളിപ്പെടുത്തി. ഇതിന്റെ വ്യക്തമായ വീഡിയോ തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും, ജനാധിപത്യ രാജ്യത്തിലെ ഏത് പാർട്ടിയിലും പ്രവർത്തിക്കാൻ ആർക്കും അവകാശമുണ്ടെങ്കിലും ‘അമ്മ’യിലൂടെ ചില രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചതിനെയാണ് താൻ എതിർത്തതെന്നും അവർ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


മാലാ പാർവതിയുടെ വാക്കുകൾ:
എന്താണ് അമ്മയിൽ നടക്കുന്നതെന്ന് കുറച്ചുകാലങ്ങളായി എല്ലാവരും ചോദിക്കുന്നുണ്ട്. പ്രതീക്ഷിക്കാത്തതും വിചാരിക്കാത്തതും 32 വർഷമായി അമ്മയിൽ നടക്കാത്തതുമായ കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. ഇത് വെറുതെ പറയുന്നതല്ല. 15 കോടി രൂപ ശ്വേതയുടെ വിശ്വാസ്യതയിൽ അദാനി ഗ്രൂപ്പ് തരുന്നു എന്ന് പറയുമ്പോൾ ഇവർക്ക് അത് അംഗീകരിക്കാൻ പറ്റുന്നില്ല. ഈ അദാനി ഗ്രൂപ്പിന് ഇവരുടേതായ കുറെ പരിപാടികളുണ്ട്; ‘ദക്ഷിണ’ പോലെയുള്ളവ. സിനിമ രംഗത്ത് ഉണ്ടായിരുന്ന, ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് കരുതലായിട്ട് കൊടുക്കുന്ന കാര്യങ്ങളൊക്കെ അതിലുണ്ട്. അത് കുറച്ചുകൂടി കൂടുതൽ കൊടുക്കാം, വീട് വെച്ചു കൊടുക്കാം അങ്ങനെ പല കാര്യങ്ങളും ചെയ്യാം. 15 കോടി രൂപ എന്ന് പറഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റും! ഒരു സ്ത്രീ വന്നിട്ട് ഇത്രയും പണം കൊണ്ടുവരുന്നു എന്ന് കാണിക്കുമ്പോൾ, “ഞങ്ങൾക്ക് ചെയ്യാൻ പറ്റാത്ത എന്ത് കാര്യമാണ് ഇവരുടെ കയ്യിൽ ഉള്ളത്?” എന്ന ഭാവമാണ്. സാധാരണയായി ‘അമ്മ’ ഒരു ഷോ നടത്തും, അതിൽ നിന്നുള്ള പൈസ വെച്ചാണ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത്.
പിന്നെ ഇതിൽ പറയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് അറിയാമോ? മൾട്ടിനാഷണൽ കമ്പനിയിൽ നിന്നും 15 കോടി രൂപ ശ്വേതയുടെ വിശ്വാസ്യതയിൽ കൊണ്ടുവരുമെന്ന് പറയുന്ന വ്യക്തി മറ്റൊരു പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവാണ്. ഞങ്ങളുടെ അറിവിൽ അവർ ‘അമ്മ’യിലെ മെമ്പർ അല്ല. അവർക്ക് ‘അമ്മ’യുമായിട്ട് എന്താണ് ബന്ധമെന്നും ഞങ്ങൾക്കറിയില്ല. സംസ്ഥാന നേതാവാണ്, മുൻ കൗൺസിലറുമാണ്; ശ്രീമതി പത്മജ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന്റെ വീഡിയോ എന്റെ കയ്യിലുണ്ട്, ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഞാൻ അയച്ചു തരാം. അപ്പോൾ ഇവർ എങ്ങനെയാണ് ഈ വിഷയം സംസാരിക്കുന്നത്? ഇവർ ‘അമ്മ’യുടെ നേതാവാണോ?
ശ്വേത പലവട്ടം പറഞ്ഞു അവർ ഒരു കോൺഗ്രസുകാരിയാണെന്ന്! അവർ കോൺഗ്രസോ ബിജെപിയോ സിപിഎമ്മോ സിപിഐയോ ആകാം… അതിലൊന്നും ആർക്കും ഒരു വിരോധവും ഇല്ല. ഒരു അയിത്തവും ഇല്ല. ഇതെല്ലാം ജനാധിപത്യ ഇന്ത്യയിലുള്ള പാർട്ടികളാണ്. എന്നാൽ അത്തരം അജണ്ടകൾ സംഘടനയിൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അത് ഞങ്ങൾ എതിർക്കും. അതു ചോദ്യം ചെയ്യുന്ന ഒരാളായിരുന്നു അൻസിബ. അൻസിബ എന്ന മുസ്ലിം നാമധാരിയായ വ്യക്തിയെ വർഗീയവാദിയാക്കി ജിഹാദിയാക്കി അവിടെ നിന്ന് ഓടിക്കാനുള്ള ശ്രമമാണ് അവിടെ നടന്നുകൊണ്ടിരുന്നത്. വർഗീയത വിളിച്ചു പറഞ്ഞ് അവിടെ ഒരു ധ്രുവീകരണം നടപ്പിലാക്കാൻ ശ്രമിച്ചു എന്നത് എന്റെ ആരോപണമല്ല, അനുഭവമാണ്. മാലാ പാർവതിയാണ് ഗൂഢാലോചന നടത്തുന്നതെന്ന് നിങ്ങൾ പലവട്ടം കേട്ടുകാണും. എന്താണ് ആ ഗൂഢാചോലന? എന്തിനാണ് എനിക്ക് മൈക്ക് തരാതെ ശ്വേത എന്നെ വട്ടം പിടിച്ചു നിന്നത്?
രമേശ് പിഷാരടിയുടെ ഒരു ഫോൺ സംഭാഷണം അവർ പുറത്തുവിട്ടതിനു ശേഷം ശ്വേതയ്ക്ക് ആ മാന്യത കൊടുക്കേണ്ടതില്ല എന്നു തോന്നി. വ്യക്തിപരമായ ഒരു സംഭാഷണം, ഒരാൾ കൂടി ആ കോൺഫറൻസ് കോളിലുണ്ടായിരുന്നു എന്ന് അറിയുന്നതിന്റെ ധൈര്യത്തിലാണ് ഞാനിതു പറയുന്നത്. അൻസിബയുടെ വിഷയം സംസാരിക്കാൻ വിളിച്ചപ്പോൾ അവർ പറഞ്ഞത് അൻസിബ നാലു പേരെ കൺവേർട്ട് ചെയ്യാൻ നോക്കി എന്നാണ്. എന്താ ഈ സംസാരിക്കുന്നത് എന്നാണ് ഞാൻ ശ്വേതയോട് ചോദിച്ചത്. അങ്ങനെ സംസാരിക്കരുതെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ചെറിയൊരു തർക്കം ഉണ്ടായി. ഇതൊരു സാമൂഹ്യവിഷയമാണെന്നും ഇതു പുറത്തു പറയുമെന്നും ഞാൻ പറഞ്ഞു. അപ്പോൾ അവർ എന്നോട് പറഞ്ഞത്, ഞാൻ സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടാകില്ല എന്നാണ്. ഈ വിഷയത്തിൽ നിന്ന് മാറി നിന്നോളൂ, എനിക്ക് ചേച്ചിയോട് ഇഷ്ടമുള്ളതുകൊണ്ടാണ് പറയുന്നത് എന്ന് ശ്വേത പറഞ്ഞു. അൻസിബയുടെ വിഷയത്തിൽ ഇടപെടരുതെന്ന് അവർ എന്നെ താക്കീത് ചെയ്തു. ശ്വേതയടക്കം ആരോപണം ഉന്നയിച്ച പ്രൊഡക്ഷൻ കൺട്രോളറെ അതായത് അൻസിബ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച ആ പ്രൊഡക്ഷൻ കൺട്രോളറെ ഞാൻ വിളിച്ചു. അയാൾ ഒരു ഓർമപ്പെടുത്തൽ പോലും ആവശ്യമില്ലാതെ ഒരു സംശയത്തിനു പോലും ഇട നൽകാതെ, 2023ൽ നടന്ന ഒരു സിനിമയുടെ കാര്യം പറയുകയാണ്. അവിടെ വച്ച് അൻസിബ ഒരു നോമ്പെടുത്തുവെന്നും അതിനോടൊപ്പം ഈ പ്രൊഡക്ഷൻ ഡിസൈനറുടെ മകൻ– അഭിനയിക്കാനോ അസിസ്റ്റന്റ് ഡയറക്ടറായോ വന്നതാണ്– അൻസിബയ്ക്കൊപ്പം നോമ്പു തുറന്നുവെന്നും പറഞ്ഞു. ഈ ഒരു കാര്യത്തിനെ 2026ലെ എക്സിക്യൂട്ടിവ് കമ്മിറ്റി വിഷയത്തിൽ ഒരു വാട്ട്സാപ്പ് ചാറ്റിൽ ഒരു ഭീഷണിയുടെ സ്വരത്തിൽ ഉപയോഗിച്ചത് എന്തിനാണ്? ഇതു ചോദിച്ചപ്പോൾ ശ്വേത ചോദിച്ചത് ചേച്ചിക്ക് ജയിലിൽ പോയി കിടക്കാൻ ആഗ്രഹമുണ്ടോ എന്നാണ്. തിഹാർ ജയിലിൽ അൻസിബ പോയാൽ കുറച്ചു പ്രശ്നമില്ലേ എന്ന് ഞാനും തിരിച്ചു ചോദിച്ചു. അങ്ങനെ ഞങ്ങൾ തമ്മിലുണ്ടായ തർക്കത്തിനു ശേഷമാണ് ഞാൻ ഗൂഢാലോചനക്കാരി ആയത്.
എനിക്ക് ഗൂഢാലോചനയൊന്നുമില്ല, ആലോചന മാത്രമേ ഉള്ളൂ. കാരണം ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്. ധ്രുവീകരണം നടത്തുന്ന വർഗീയവാദം പ്രചരിപ്പിക്കുന്ന മനുഷ്യരെ ഒന്നായി കാണാൻ സാധിക്കാത്ത ജാതിമതങ്ങളെ ഒന്നായി കാണാനാകാത്ത കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല അമ്മ ഭരിക്കേണ്ടത്. അതെന്റെ വിശ്വാസമാണ്. കേരളം അങ്ങനെ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ സംഘടനയിൽ നടക്കുന്നത് നാളെ വരാനിരിക്കുന്ന ‘കേരള സ്റ്റോറി’ ആണെന്നു തോന്നിയതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. തട്ടമിടാത്ത, അമ്പലത്തിൽ വരെ പോകുന്ന ഒരു സിനിമാ നടി, മലപ്പുറംകാരി മുസ്ലിം– അവർ അവിടെ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്ന ഒരു കഥ സിനിമയായി വന്നാൽ ഉത്തരേന്ത്യയിൽ നന്നായി ഓടും. ഈ കഥയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. ഇതു പുറത്തു പറയണ്ട എന്നു കരുതി ഇരുന്നിട്ടും മറ്റു വിഷയങ്ങളിലൂടെ ഇതു പുറത്തുവരികയാണ്.
അൻസിബയെ പുറത്താക്കണം എന്ന അജണ്ടയുമായാണ് അവർ വന്നത്. പക്ഷേ, ജനറൽ ബോഡിയിൽ അൻസിബ പറഞ്ഞ കാര്യങ്ങൾ അംഗങ്ങൾക്ക് ബോധ്യപ്പെട്ടു. അവർ അൻസിബയ്ക്കൊപ്പം നിന്നു. ശ്വേതയ്ക്ക് ഉത്തരം ഇല്ലാതായി എന്നത് സത്യമാണ്. അതിന് ബാബുരാജ് ഒരു ആരോപണം മുന്നോട്ടു വച്ചു. ഒരു പ്രത്യേക പാർട്ടിയിൽ നിന്നും രണ്ടു കോടി രൂപ വാങ്ങിയില്ലേ എന്ന് ശ്വേതയോട് ചോദിച്ചു. ആ ആരോപണമൊന്നും ജനറൽ ബോഡി ഗൗരവമായി എടുത്തില്ല. പിറ്റേദിവസം ലക്ഷ്മിപ്രിയ പറഞ്ഞപ്പോഴാണ് ഇത് എത്ര ഗൗരവമുള്ള കാര്യമാണെന്ന് തിരിച്ചറിയുന്നത്. ശ്വേത ജനറൽ ബോഡിയിൽ നിന്ന് ഇറങ്ങിപ്പോയി. എന്തിനാണ് അവർ പോകുന്നത്? അടിസ്ഥാനമില്ലാത്ത ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എന്താണെന്ന് തിരിച്ചു ചോദിക്കുകയല്ലേ ചെയ്യുക? അങ്ങനെ ചോദിക്കാതെ അവർ ഇറങ്ങി ഓടിയത് എന്തിനാണ്? അംഗത്വം രാജി വച്ച് പോവുകയാണെന്നു പറഞ്ഞ് അവർ പോയി. ‘ഞാനും എന്റെ അംഗങ്ങളും രാജി വയ്ക്കുകയാണ്’ എന്നാണ് പറഞ്ഞത്. അവരാരും അതിനെ എതിർത്തില്ല. ജനറൽ ബോഡിയാണ് ഏറ്റവും ഉന്നത സമിതി. അവർ രാജി വച്ചതിനു ശേഷം ജനറൽ ബോഡി തീരുമാനമെടുത്തു പുതിയൊരു സമിതിയെ വയ്ക്കാൻ! ആ സമിതിയുടെ അധ്യക്ഷനെയാണ് വെള്ളിയാഴ്ച ഒരു ഫോൺ കോൾ ചോർത്തിക്കൊണ്ട് മ്ലേച്ഛമായ രീതിയിൽ കോടതിയിൽ പോയി ഒഴിവാക്കിയത്. ഞങ്ങൾ കയ്യും കാലും പിടിച്ചാണ് രമേശ് പിഷാരടിയെ അവിടെ ഇരുത്തിയത്. അദ്ദേഹം കോൺഗ്രസുകാരനാണ്. പക്ഷേ, ആ രാഷ്ട്രീയം അമ്മയിൽ കളിക്കുന്ന വ്യക്തിയല്ല അദ്ദേഹം. ബിജെപി ആയിട്ടുള്ള അംഗങ്ങളുണ്ട് അമ്മയിൽ. എല്ലാ പാർട്ടിക്കാരുമുണ്ട്. അവരെയെല്ലാം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സിനിമാ സംഘടനകളെ പിടിച്ചുകൊണ്ട്, സിനിമയെ പിടിച്ചുകൊണ്ട് ബോളിവുഡിൽ നടക്കുന്ന പോലെ സിനിമയെ വർഗീയവൽക്കരിക്കുന്ന ശ്രമം മുളയിലേ നുള്ളാൻ ശ്രമിച്ചു എന്നുള്ള ഗൂഢാലോചന കുറ്റം ഉണ്ടെങ്കിൽ അതു ഞാൻ ചെയ്തിട്ടുണ്ട്. അതിന് ഞാൻ അശ്ലീല വാക്കുകൾ ഉപയോഗിച്ചിട്ടില്ല. രൂക്ഷമായ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അശ്ലീലം പറഞ്ഞിട്ടില്ല.






















