താരസംഘടനയായ ‘അമ്മ’ യില്‍ നിന്ന് ജനറൽ ബോഡി യോഗത്തിൽ വച്ച് പ്രസിഡന്റ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചതായി വാർത്തകൾ വന്നിരുന്നെങ്കിലും, അവർ ഇതുവരെ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഭരണസമിതിയും ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ല.

ഇതോടെ, സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാനായി രൂപീകരിച്ച അഡ്ഹോക് സമിതിയുടെ നിലനിൽപ്പ് തന്നെ നിയമപരമായ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ ഇന്ന് അഡ്ഹോക് സമിതി യോഗം ചേരുകയാണ്. ഇന്നത്തെ യോഗത്തിൽ നിലവിലുള്ള ഭരണസമിതിയുടെ സെക്രട്ടറി ആയിട്ടുള്ള കുക്കു പരമേശ്വരനും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന.


ജൂൺ 21 നു നടന്ന ജനറൽ ബോഡി യോഗത്തിനിടയിലെ കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിലാണ് താൻ പദവി ഒഴിയുകയാണെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയത്. എന്നാൽ ഇത് യോഗത്തിലുണ്ടായ ഒരു വൈകാരിക പ്രതികരണം മാത്രമായിരുന്നുവെന്നും, സംഘടനയുടെ ബൈലോ പ്രകാരം നൽകേണ്ട ഔദ്യോഗിക രാജിക്കത്ത് അവർ ഇതുവരെ കൈമാറിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശ്വേത മേനോനും ഭരണസമിതിയും നിയമപരമായി ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്.
പ്രസിഡന്റിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘടനയുടെ താൽക്കാലിക ചുമതലകൾക്കായി ഒരു അഡ്ഹോക് സമിതി രൂപീകരിച്ചത്. എന്നാൽ ഔദ്യോഗിക ഭരണസമിതി നിലനിൽക്കുമ്പോൾ മറ്റൊരു താൽക്കാലിക സമിതി രൂപീകരിക്കാൻ ‘അമ്മ’യുടെ ബൈലോ അനുശാസിക്കുന്നില്ലെന്ന് ഒരു വിഭാഗം അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സമിതി രാജിവെക്കാത്ത സാഹചര്യത്തിൽ അഡ്ഹോക് സമിതിക്ക് എങ്ങനെ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നാണ് അംഗങ്ങളുടെ ചോദ്യം.





















