38 വർഷങ്ങൾക്കുശേഷം പ്രിയദർശന്റെ ക്യാമറയ്ക്കു മുന്നിൽ ലിസി: ഒപ്പം കല്യാണിയും

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് നടി ലിസി. കല്യാൺ ജ്വല്ലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസി വീണ്ടും തിരിച്ചെത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ പരസ്യ ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്. ആരാധകർ ഒരുപാട് കാത്തിരുന്ന, ഈ കൂടിച്ചേരൽ ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ഓഫ് വൈറ്റും മജന്തയും നിറമുള്ള കാഞ്ചീവരം പട്ടണിഞ്ഞാണ് ലിസി പരസ്യചിത്രത്തിലെത്തുന്നത്. സെറ്റിലെത്തിയ ലിസ്സിയെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന കല്യാണിയെ ദൃശ്യങ്ങളിൽ കാണാം. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസ്സി സംസാരിക്കുന്നതും സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതുമായ ദൃശ്യങ്ങൾ കൗതുകത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. 1988ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്.

പ്രിയദർശന്റെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെയാണ് ലിസി ആദ്യമായി നായികയാകുന്നത്. അതിനുശേഷം നിരവധി സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ചു. 1990 ഡിസംബർ 13ന് ഇരുവരും വിവാഹിതരായി. പിന്നീട് സിനിമയിൽ നിന്ന് ലിസ്സി ഇടവേളയെടുത്തു. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2016ൽ വേർപിരിഞ്ഞ പ്രിയദർശനും ലിസ്സിയും ഈയടുത്താണ് വീണ്ടും ഒന്നിച്ചത്.