രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തിൽ മരണം അഞ്ചായി

കോഴിക്കോട്: കള്ളാടി ദുരന്തത്തിൽ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരണം അഞ്ചായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് ഒരു മൃതദേഹം ലഭിച്ചതെന്ന് മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം പുഴയിൽ നിന്നാണ് കിട്ടിയത്. പ്രദേശത്ത് നാലു സോണായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. കാണാതായ മറ്റു മൂന്നു പേർക്കായുള്ള തിരച്ചിൽ തുടരുമെന്നും മന്ത്രി അനിൽ കുമാർ അറിയിച്ചു.

ഒന്നാമത്തെ സോണിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. അവിടെയും രണ്ടാമത്തെ സോണുമാകും ഇന്ന് പ്രധാനമായും സെർച്ച് ചെയ്യുന്നത്. മീനാക്ഷി പുഴയുടെ വലതു ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചിട്ടുള്ളത്. പുഴയിലും പരിശോധന നടത്തുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിഎൻഎ ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് ഡോക്ടേഴ്‌സാണെന്നും മന്ത്രി പറഞ്ഞു.

പോസ്റ്റ് മോർട്ടം മാത്രം മതിയോ, തിരിച്ചറിയാൻ പ്രയാസമുണ്ടോ എന്നെല്ലാം പരിശോധിച്ചു മാത്രമേ തീരുമാനിക്കാനാകൂ. തിരിച്ചറിയാൻ പ്രയാസമുണ്ടെങ്കിൽ മാത്രം ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മതിയാകുമെന്നും മന്ത്രി അനിൽ കുമാർ പറഞ്ഞു. മൃതദേഹങ്ങൾ എംബാം ചെയ്ത് മാത്രമേ സ്വദേശത്തേക്ക് അയക്കുകയുള്ളൂ. മണ്ണിനടിയിൽ അധികം താഴെയല്ലാതെയുള്ള ഭാഗത്ത്, പൈപ്പുകളും വാഹനങ്ങളുടെ പാർട്‌സ്‌കളുടെയും ഇടയിൽ നിന്നാണ് മൃതദേഹം ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. ദുരന്തമുണ്ടായ കള്ളാടിയിൽ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടത്തിയ തിരിച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കഡാവർ നായകൾ അടക്കം തിരിച്ചലിനായി എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയും പുഴയിലെ ഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖ്, എ.പി അനിൽകുമാർ എന്നിവർ ജില്ലയിൽ തുടരുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് ദുരന്തസ്ഥലമായ കള്ളാടി സന്ദർശിക്കും.