വാഷിങ്ടൻ: വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ ഐടി ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ. 2025 ഒക്ടോബറിലാണ് വാഷിങ്ടനിലെ ഫ്ലാറ്റിൽ 27 വയസ്സുകാരിയായ രാജിത സബ്ബിനേനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന തെലങ്കാന സ്വദേശി അവിനാശിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തുഞെരിച്ചാണ് അവിനാശ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.

കൊലപാതകത്തിനു ശേഷം ഭാര്യയുടെ ചിത്രം അവിനാശ് ഇന്ത്യയിലുള്ള കാമുകിക്ക് ഫോണിൽ അയച്ചുകൊടുക്കുകയും ചെയ്തു.2025 ജൂണിലാണ് അവിനാശ് രാജിതയെ വിവാഹം ചെയ്യുന്നത്. തുടർന്ന് ഇരുവരും അമേരിക്കയിൽ ഒരുമിച്ച് താമസം ആരംഭിച്ചു. എന്നാൽ വിവാഹത്തിനു മുൻപേ അവിനാശിനു മറ്റൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷവും അവിനാശ് ഇവരുമായി സമ്പർക്കം പുലർത്തി. ഭാര്യയെ കൊലപ്പെടുത്തിയ ദിവസം മാത്രം ഇയാൾ കാമുകിയെ നാല് പ്രാവശ്യം ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് മരിച്ചുകിടക്കുന്ന ഭാര്യയുടെ ചിത്രവും അയച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ കബളിപ്പിക്കാനും അവിനാശ് ശ്രമിച്ചു. താൻ വീട്ടിലെത്തിയപ്പോൾ കുളിമുറിയിൽ ഭാര്യയെ പൂട്ടിയിട്ട നിലയിൽ കണ്ടെന്നും വിളിച്ചിട്ട് പ്രതികരണമില്ലെന്നുമാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം അവിനാശിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

























