‘സ്‌കൂട്ടർ അപകടത്തിന്റെ കാരണം ഭർത്താവ്’; പരാതിയുമായി ഭാര്യ, കേസെടുത്ത് പൊലീസ്

കൊച്ചി: സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കോടതിയിൽ. സ്‌കൂട്ടർ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കി എന്നാരോപിച്ച് വെങ്ങോല അറയ്ക്കപ്പടി സ്വദേശിയായ ഭാര്യ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കുന്നത്തുനാട് പൊലീസ് ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ഏപ്രിൽ 16ന് രാത്രി 9.30നാണ് ഭർത്താവ് ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അപകടമുണ്ടായത്. ചീനിക്കുഴി റബർ പാർക്ക് റോഡിലെ എടിഎം കൗണ്ടറിന് സമീപമുള്ള വേഗത്തടയിൽ എത്തിയപ്പോൾ അമിതവേഗത്തിലും അശ്രദ്ധയോടെയും ഭർത്താവ് വാഹനം ഓടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താൻ റോഡിലേക്ക് തെറിച്ചു വീണെന്നാണ് ഭാര്യയുടെ പരാതി.

അപകടത്തിൽ ഭാര്യയുടെ മുഖത്തും പുരികത്തിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതി സ്വീകരിച്ച് അന്വേഷണത്തിനായി പൊലീസിന് കൈമാറി.