ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി ഡൽഹിയിൽ പറഞ്ഞു. ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരണം, അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ബദൽ മാർഗങ്ങൾ കണ്ടെത്തണം. ഡൽഹിയിലേത് മികച്ച മാതൃകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ദില്ലിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്നം സമാധിയിൽ പുഷ്പ്പാർച്ചന നടത്താൻ അനുമതിക്കാത്ത സുകുമാരൻ നായരെ ഉപരാഷ്ട്രപതിയും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. താനെല്ലാം തീരുമാനിക്കുമെന്ന ചിന്ത പാടില്ലെന്ന് സി പി രാധാകൃഷ്ണൻ പറഞ്ഞു. ഞാനാണ് ജനറൽ സെക്രട്ടറി ഇന്നയാൾ വരണ്ട, ഇന്നയാൾ വരണം എന്ന് ഞാൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ലെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ പറഞ്ഞു. എൻഎസ്എസ് ജനറൽസെക്രട്ടറി സുകുമാരൻ നായരെ പേരെടുത്ത പറയാതെയായിരുന്നു രാധാകൃഷ്ണൻ്റെയും വിമർശനം. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, പശ്ചിമ ബംഗാൾ മുൻ ഗവർണ്ണർ ആനന്ദബോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഡൽഹി എൻഎസ്എസാണ് മന്നം സ്മൃതി മണ്ഡപം യാഥാർത്ഥ്യമാക്കിയത്. പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നിഷേധിച്ചെന്ന് പരാതിപ്പെട്ട ആനന്ദ ബോസിൻറെ നിർദ്ദേശ പ്രകാരമാണ് ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം നിർമ്മിച്ചത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനും കേരള സന്ദർശനത്തിനിടെ മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് അനുമതി നൽകിയിരുന്നില്ല.























