ബിജെപി കൗൺ‍സിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം; ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ.സുഗതനെ ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. നാളെ രാവിലെ 11 നാണ് സുഗതന്റെ സത്യപ്രതിജ്ഞ. ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപ്രകാരം തെറ്റല്ലെന്നും ജനവിധി മാനിക്കേണ്ടതുണ്ടെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കോടതി നേരത്തേ സർക്കാരിനോട് നിർദേശിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതിന് ജയിലിൽനിന്ന് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.

നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്നും കാപ്പ ചുമത്തി ജയിലിൽ അടച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ലെന്നും ജാമ്യാപേക്ഷയിൽ സുഗതൻ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞു. സുഗതനെതിരെ കാപ്പ ചുമത്തുന്നത് അടക്കമുള്ള കേസുകൾ റജിസ്റ്റർ ചെയ്തത് തിരഞ്ഞെടുപ്പിന് മുൻപല്ലേ എന്ന് കോടതി ആരാഞ്ഞു. നാമനിർദേശ പത്രികയിൽ കേസ് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലേ എന്നും, തിരഞ്ഞെടുപ്പിൽ സുഗതൻ വിജയിച്ച സാഹചര്യത്തിൽ ജനവിധി മാനിക്കേണ്ടേ എന്നും കോടതി ചോദിച്ചു.

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനാണ് സുഗതൻ അടക്കമുള്ള ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്. നേരത്തെ നെടുമങ്ങാട് കോടതി സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13 ന് വൈകിട്ട് 5 മുതൽ ജൂലൈ 14 രാത്രി 9 വരെ ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം അനുവദിച്ചെങ്കിലും കാപ്പ കേസിൽ ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.