തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പൊലീസ്

കൊച്ചി: സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ, യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പൊലീസ്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് നീക്കം. തൊപ്പിയുടെ പാസ്‌പോർട്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. മൊഴിയെടുപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചായിരുന്നു പൊലീസ് നടപടി. കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ തൊപ്പിയുടെ യൂട്യൂബ് ചാനൽ പൊലീസ് പൂട്ടിക്കുകയും ചെയ്തു.

തൊപ്പിയും ഗ്യാങ്ങും തെറ്റിപ്പിരിഞ്ഞതിനുശേഷം ഇവർ താമസിക്കുന്ന സ്ഥലത്തുള്ള ലഹരി ഉപയോഗവും അശ്ലീല പദപ്രയോഗങ്ങളും പോക്‌സോ കേസ് ചുമത്താവുന്ന കുറ്റകൃത്യങ്ങൾ വരെ പരസ്പരം വിളിച്ചു പറഞ്ഞിരുന്നു. ഇതോടെ നിരവധിപേർ പരാതിയുമായി പൊലീസിനെ സമീപിച്ചു. കളമശ്ശേരി പൊലീസും തൊപ്പിക്കെതിരെ അന്വേഷണം നടത്തിവരികയാണ്.