പത്തനംതിട്ട: ഈ മണ്ഡല മകരവിളക്ക് സീസണിൽ കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി ആയേക്കും. ശബരിമല തന്ത്രിയായി എത്തേണ്ടിയിരുന്ന കണ്ഠരര് രാജീവർക്ക് പകരം അദ്ദേഹത്തിന്റെ മകനെ തന്ത്രി ആക്കണമെന്ന ആവശ്യത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഭൂരിഭാഗം പേരും അനുകൂലിച്ചതായാണ് റിപ്പോർട്ട്. അതേസമയം താഴമൺ കുടുംബത്തെ തന്ത്രി സ്ഥാനത്ത് നിന്നും മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് ബോർഡ് കോടതിയെ അറിയിക്കുമെന്നാണ് സൂചന. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതി ദേവസ്വം ബെഞ്ചാണ്. അതേസമയം, ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ബ്രഹ്മദത്തനെ തന്ത്രിയാക്കാൻ ബോർഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമൺ കുടുംബത്തെ അപകീർത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തന്ത്രി ആരാകണം എന്ന കാര്യം ഹൈക്കോടതി തീരുമാനിക്കുമെന്നാണ് ദേവസ്വം ബോർഡ് മെമ്പർ പി ഡി സന്തോഷ് കുമാർ പ്രതികരിച്ചത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ കണ്ഠരര് രാജീവർ പ്രതി ആണ്. താഴമൺ കുടുംബത്തെ മാറ്റുന്ന കാര്യം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തനിക്ക് വ്യക്തിപരമായി അഭിപ്രായമില്ലെന്നും കോടതി എന്താണോ പറയുന്നത് അത് അനുസരിച്ച് തീരുമാനിക്കുമെന്നുമാണ് സന്തോഷ് പ്രതികരിച്ചത്.


കഴിഞ്ഞ ദിവസമാണ് ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയത്. പകരം മകൻ ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നൽകണമെന്നും കണ്ഠരര് രാജീവര് ആവശ്യപ്പെട്ടു. ഊഴമനുസരിച്ച് ഈ മണ്ഡല മകരവിളക്ക് സീസണിൽ തന്ത്രിയായി എത്തേണ്ടത് കണ്ഠരര് രാജീവര് ആയിരുന്നു. എന്നാൽ അനാരോഗ്യം മൂലം തനിക്ക് തന്ത്രിസ്ഥാനത്തു നിന്ന് ചടങ്ങുകൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്.






















