ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ രാവിലെ നല്‍കി; പിഎസ് സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: ചോദ്യപേപ്പര്‍ മാറി നല്‍കിയതിനെത്തുടര്‍ന്ന് പിഎസ് സി പരീക്ഷ മാറ്റിവെച്ചു. ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ആലപ്പുഴയില്‍ ഇന്ന് നടന്ന പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കേണ്ട പരീക്ഷയാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കിയെന്നാണ് പിഎസ് സി അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം നല്‍കേണ്ട ചോദ്യപേപ്പര്‍ രാവിലത്തെ പരീക്ഷയ്ക്ക് നല്‍കുകയായിരുന്നു.

ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന എല്‍ജിഎസ്, സ്റ്റോര്‍മാന്‍ പരീക്ഷകളാണ് റദ്ദാക്കിയത്. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയായിരുന്നു നടക്കേണ്ടിയിരുന്നത്. പിഎസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. പരീക്ഷാ ക്രമക്കേടുകളില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.