പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ട കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിൻറെ വാദങ്ങളെല്ലാം കോടതി തള്ളി കളഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. . കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊല്ലപ്പെട്ട സുധാകരൻറെ മക്കൾക്ക് നൽകണം.

ചെന്താമരയ്ക്ക് മാനസികപ്രശ്നമില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് അറിഞ്ഞ ശേഷം പ്രതിയുടെ പ്രതികരണങ്ങൾ കോടതി വിധിയിൽ കോടതി പരാമർശിച്ചു. ജില്ലാ നിയമ സഹായ വേദിയുടെ റിപ്പോർട്ടിൻ മേലുള്ള വാദങ്ങളും കോടതി ചൂണ്ടിക്കാട്ടി. 2019ൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ ആണ് സജിതയുടെ കേസും കോടതി പരാമർശിച്ചു.


കൊലപാതകത്തിന് പ്രതി വ്യക്തമായി പദ്ധതിയിട്ടിരുന്നതായ സാക്ഷി മൊഴികളുണ്ട്. കൊലപാതകം പ്രതി തുടർച്ചയായി ന്യായികരിക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ശേഷം ചെന്താമര വിഷം കഴിച്ചു എന്നതിന് തെളിവ് ഇല്ല.
2025 ജനുവരി 27ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. ബിഎൻഎസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സാക്ഷിവിസ്താരത്തിനും, വിശദമായ വാദത്തിനും ശേഷം ഇരട്ട കൊലപാതക കേസിൽ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോഴും, ബോയൻ നഗറിലെ മനസ്സുകളിൽ ചെന്താമര ഉണ്ടാക്കിയ ഭയം കുറഞ്ഞിട്ടില്ല. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പോത്തുണ്ടി ബോയൻ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ചെന്താമരയെ പേടിച്ച് നിരവധി കുടുംബങ്ങൾ ജനിച്ച നാടും വീടും വിട്ട് ഇതര സ്ഥലങ്ങളിലേയ്ക്ക് താമസം മാറി.
വിധി പ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയർത്തിയിരുന്നു. വേണ്ടി വന്നാൽ താൻ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ലെന്നും എഴുതാൻ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാൽ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോർട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോൾ തനിക്ക് പ്രശ്നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.























