കോഴിക്കോട്: ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ. കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കാവ്യ (29)യാണ് ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങിയത്. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയാണ് ഇവർ. ഈ മാസം 11 ന് കാവ്യയുടെ സുഹൃത്തും പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികയുമായ മരുതോങ്കര സ്വദേശിനി കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കീർത്തനയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാവ്യയിലേക്കെത്തിയത്.

അന്വേഷണത്തിൽ ഇവർ ലഹരി ഇടപാടിലെ കണ്ണികളാണെന്ന് പൊലീസിന് വ്യക്തമായി. എംഡിഎംഎ ആവശ്യമുള്ളവർ കീർത്തനയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പണം ലഭിച്ചാൽ ഫോണിൽ ലൊക്കേഷൻ നൽകും. ഇവിടെ മറ്റൊരാൾ എത്തി എംഡിഎംഎ കൈമാറുകയാണ് പതിവ്. എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് കീർത്തന പ്രവർത്തിച്ചിരുന്നത്. കീർത്തനയുടെ അക്കൗണ്ടിലെത്തുന്ന പണം കാവ്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്. എംഡിഎംഎ വിതരണക്കാരുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം.


വടകര സ്വദേശിയായ യുവാവിനെ എംഡിഎംഎ സഹിതം പിടികൂടിയ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് കീർത്തനയെ സ്‌പെഷലിസ്റ്റ് അധ്യാപികയുടെ ജോലിയിൽ നിന്നും ബിആർസി അധികൃതർ പിരിച്ചു വിട്ടു. കരാർ അടിസ്ഥാനത്തിലാണ് കീർത്തന ജോലി ചെയ്തിരുന്നത്.























