കോട്ടയം: വാഗമണ്ണിലെ മൊട്ടക്കുന്നിൽ ഏക്കറുകണക്കിന് സർക്കാർ ഭൂമി ഭൂമാഫിയ കയ്യേറിയതായി ആക്ഷേപം. 2012 -ൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലാണ് വീണ്ടും കയ്യേറ്റം നടന്നിരിക്കുന്നത്. തെറ്റായ നടപടികളിലൂടെ സമ്പാദിച്ച പട്ടയം ഉപയോഗിച്ചാണ് കയ്യേറ്റം നടക്കുന്നത്. കയ്യേറ്റത്തിനെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കുന്ന വാഗമണ്ണിലെ മൊട്ടക്കുന്നിലാണ് 25 ഏക്കറോളം ഭൂമി കയ്യേറ്റക്കാർ പിടിച്ചെടുത്തത്. 80 കോടിയോളം രൂപ വില വരുന്ന ഭൂമിയാണ് നിലവിൽ കയ്യേറ്റക്കാരുടെ കയ്യിലുള്ളത്. പട്ടയ വിതരണത്തിന് വിലക്കുണ്ടായിരുന്ന 2001-ൽ നാല് പ്രവാസി വ്യവസായികൾക്ക് ഈ ഭൂമിക്ക് പട്ടയം അനുവദിച്ചു. ‘അമേരിക്കൻ പട്ടയം’ എന്ന പേരിലാണ് ഇതിനെ വിളിച്ചിരുന്നത്.

മൊട്ടക്കുന്നുകൾക്ക് പട്ടയം നൽകാൻ പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടെയുള്ള നിയമങ്ങൾ ലംഘിച്ചാണ് ഉദ്യോഗസ്ഥർ അന്ന് പട്ടയം നൽകിയത്. 2012 ൽ കയ്യേറ്റം എന്ന് കണ്ടെത്തി 150 ഏക്കറോളം ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇവിടെ സ്ഥാപിച്ച ബോർഡ് പിഴുത് മാറ്റിയാണ് 25 ഏക്കറിൽ കയ്യേറ്റക്കാർ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജൈവ സമ്പത്തിനെ കീറിമുറിച്ച് കയ്യേറ്റക്കാർ റോഡ് നിർമ്മിക്കുകയും ചെയ്തു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് പാറ പൊട്ടിച്ച് കയ്യേറ്റ ഭൂമിയിൽ കുളവും മൊട്ടക്കുന്നുകൾക്ക് നടുവിലായി രണ്ട് ഷെഡ്ഡുകളും നിർമ്മിച്ചു. വാഗമണ്ണിലെ ഇൻഡോ-സ്വിസ് പദ്ധതിക്ക് ശേഷം ഭൂമി കെഎൽഡി ബോർഡിനും വനം, ടൂറിസം വകുപ്പുകൾക്കും കൈമാറാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും, ഭൂമി അളന്ന് അതിർത്തി തിരിക്കുന്നതിലുണ്ടായ കാലതാമസമാണ് കയ്യേറ്റക്കാർക്ക് അനുകൂല സാഹചര്യമൊരുക്കിയത്. കയ്യേറിയ ഭൂമി റിസോർട്ട് മാഫിയയ്ക്ക് മുറിച്ചു വിൽക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

























