‘പ്രായമായാല്‍ സിനിമാതാരങ്ങള്‍ക്ക് ഒന്നിച്ചുതാമസിക്കാൻ ഒരു ഗ്രാമം’; മോഹൻലാലിൻറെ ആശയം നടപ്പിലാക്കാനൊരുങ്ങി ‘അമ്മ ‘

വാര്‍ധക്യത്തിലേക്ക് കടക്കുന്ന സിനിമാ അഭിനേതാക്കള്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ കഴിയുന്ന ഒരു ഗ്രാമം എന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ. സംഘടന ആരംഭിച്ച ജീവന്‍രക്ഷാപദ്ധതിയായ സഞ്ജീവനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചാണ് പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് നടന്‍ ബാബുരാജ് സംസാരിച്ചത്.

ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ മുന്നോട്ടുവെച്ചതായിരുന്നു ഗ്രാമം എന്ന ആശയമെന്നും മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും നെടുംതൂണുകളായി സംഘടനയ്‌ക്കൊപ്പമുള്ളപ്പോള്‍ ഇതെല്ലാം സാധ്യമാക്കാന്‍ കഴിയുമെന്നും ബാബുരാജ് പറഞ്ഞു.

‘നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. വയസ്സായിക്കഴിഞ്ഞാല്‍ നമുക്കെല്ലാം ഒരുമിച്ച് ജീവിക്കാന്‍ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു. ഈ മൂന്ന് തൂണുകളുണ്ടെങ്കില്‍(മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി എന്നിവരെ ചൂണ്ടിക്കൊണ്ട്) ഗ്രാമമല്ല, ഒരു പ്രദേശം മുഴുവന്‍ നമുക്ക് വാങ്ങാനാകും. അതിനുള്ള ധൈര്യം നമുക്കുണ്ട്,’ ബാബുരാജ് പറഞ്ഞു.

സര്‍ക്കാരുമായി സംസാരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നതെന്നും നേരത്തെ തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ പ്രായമായ അഭിനേതാക്കള്‍ക്കായി ഒരു ഗ്രാമം എന്ന പദ്ധതിക്കുള്ള ചില ചുവടുവെപ്പുകള്‍ നടന്നിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.എന്ത് സഹായം വേണമെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ നമുക്ക് ഇത് നടപ്പിലാക്കണമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു .