കണ്ണൂർ: കുട്ടികൾക്കെതിരെ തുടർച്ചയായി ലൈംഗികാതിക്രമം നടത്തുന്ന തളിപ്പറമ്പ് പുളിപറമ്പ് സ്വദേശിനി സ്‌നേഹ മെർലിനെതിരെ നടപടി ശക്തമാക്കാൻ പൊലീസ് നീക്കം തുടങ്ങി. സ്വന്തംവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസുകാരിയെയും ലൈംഗിക പീഡനത്തിനിരയായ കേസിൽ സ്നേഹയ്‌ക്കെതിരെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ 25 സ്‌നേഹ, പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 16കാരിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വർഷം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്‌നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ വനിതാ ജയിലിൽ നിന്നാണ് പരിചയപ്പെട്ടത്. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് പോക്‌സോ കേസിൽ ജയിലിലാണ്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് സ്‌നേഹയുടെ അതിക്രമം. കൗൺസിലിങ് വേളയിൽ പെൺകുട്ടി വെളിപ്പെടുത്തിയത്.

വെള്ളിയാഴ്ചയാണ് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്നേഹയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് മേൽപ്പറമ്പ് പൊലീസ് സ്‌നേഹക്കെതിരെ കേസ് എടുത്തത്. ഇതോടെ സ്‌നേഹ മെർലിനെതിരെയുള്ള പോക്‌സോ കേസുകളുടെ എണ്ണം നാലായി. ഇതിനുമുമ്പ് ഇവർക്കെതിരെ മൂന്ന് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025 ഫെബ്രുവരിയിലാണ് ആദ്യത്തെ സംഭവം. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹയെ റിമാൻഡ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോൺ പരിശോധിച്ചപ്പോൾ അധ്യാപകർക്കാണ് പീഡനം സംബന്ധിച്ച് ആദ്യം സംശയം തോന്നിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കൗൺസിലിങ് നടത്തി. കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പെൺകുട്ടിക്ക് പ്രതി സ്വർണ ബ്രേസ്ലെറ്റ് വാങ്ങി നൽകിയിരുന്നു. കുട്ടിയോട് അതിയായ വാത്സല്യമെന്നു വരുത്താനായിരുന്നു ഇത്. അതിന് ശേഷമായിരുന്നു പീഡനം.


ഇതേ പന്ത്രണ്ടുകാരിയുടെ സഹോദരനയെും സ്നേഹ പീഡിപ്പിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. പീഡന വിവരം പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകുകയായിരുന്നു. കുട്ടി തന്നെയാണ് വീട്ടുകാരോട് കാര്യം തുറന്നു പറഞ്ഞത്. പിന്നീട് വീട്ടുകാർ ചൈൽഡ് ലൈനെയും പൊലീസിനെയും അറിയിച്ചു. അതിജീവിതയുടെ സഹോദരനും പീഡിനത്തിന് ഇരയായതായി ആദ്യഘത്തട്ടിൽ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി നൽകാത്തതിനെത്തുടർന്ന് കേസെടുത്തിരുന്നില്ല. പിന്നീട് 15കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്‌നേഹയ്‌ക്കെതിരെ പോക്‌സോ ചുമത്തി. ഇതുകൂടാതെ 14 വയസുള്ള ആൺകുട്ടിയെയും പീഡിപ്പിച്ചതായി കേസുണ്ട്.























