സാമ്പത്തിക തട്ടിപ്പുകേസ്: സൗബിൻ ഷാഹിർ അറസ്റ്റിൽ

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. നേരത്തെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ബാബു ഷാഹിറിന്റെയും ഷോൺ ആന്റണിയുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.

‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ചു പ്രതികൾ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നൽകാതെ വഞ്ചിച്ചു എന്നുമാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാൾ പരാതി നൽകിയത്.