വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈൻ

വിവാദങ്ങൾക്ക് വിരാമം കുറിച്ച് ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും. ‘സൂത്രവാക്യം’ സിനിമയുടെ പ്രൊമോഷനു വേണ്ടി ഒന്നിച്ചെത്തിയ താരങ്ങൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലുണ്ടായ സംഭവങ്ങളിലെ തെറ്റിദ്ധാരണകളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് തിരുത്തിയെന്നും വെളിപ്പെടുത്തി. വളരെ ചെറുപ്പം മുതൽ അറിയുന്ന ഒരു നടനാണ് ഷൈൻ എന്നും അദ്ദേഹത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റം വേദനിപ്പിച്ചെന്നും വിൻസി പറഞ്ഞു. വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച ഷൈൻ തന്റെ മുൻകാല പെരുമാറ്റങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വെളിപ്പെടുത്തി.

‘‘വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. തീർച്ചയായും അതൊരാളെ വേദനിപ്പിക്കും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഫൺ രീതിയിലുള്ള സംസാരങ്ങൾ ലൂസ് ടോക്ക് പോലെ പറയുമ്പോൾ, അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നുണ്ടെന്ന് പലപ്പോഴും നാം അറിയാറില്ല. എല്ലാവരും ഒരേപോലെയല്ല, അത് കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതും ആസ്വദിക്കുന്നതും. എല്ലാം വ്യത്യസ്തമാണ് എല്ലാവർക്കും. ഒരു കാര്യം കേൾക്കുമ്പോൾ അഞ്ച് പേരും അഞ്ച് രീതിയിലാകും എടുക്കുക, എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസ്സിലായിരുന്നില്ല. അങ്ങനെ എന്റെ ഭാഗത്തു നിന്ന് വിൻസി വേദനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സോറി.’’–ഷൈൻ ടോമിന്റെ വാക്കുകൾ.

‘‘ഇത് വളരെ വ്യക്തിപരമായ കാര്യമാണ്, മാധ്യമങ്ങളുടെ മുന്നിൽ പറയേണ്ട കാര്യമല്ല എന്ന് തോന്നുന്നു. ഇനി പറയണമെങ്കിൽ പറയാം. ഇത് ഒരുപാട് വിവാദമായ വിഷയമാണ്. ചേട്ടൻ ഇപ്പോൾ സ്വന്തം തെറ്റുകൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട് . ആ മാറ്റത്തിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇപ്പോൾ ഷൈൻ ടോം ചാക്കോ എന്ന വ്യക്തിയോട് വളരെയധികം ബഹുമാനമാണ് എനിക്ക് തോന്നുന്നത്. ഞാനും എല്ലാം തികഞ്ഞ വ്യക്തിയൊന്നും അല്ല. ആ വിവാദത്തിൽ കുടുംബാംഗങ്ങളെയും വലിച്ചിഴച്ചിരുന്നു. ആ കുറ്റബോധം എപ്പോഴും മനസ്സിലുണ്ടാകും. ഇതോടെ ഈ വിവാദം അവസാനിക്കണം.’’–വിൻസി വ്യക്തമാക്കി.