കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേസിലെ പ്രതിയായ നടൻ ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസിൽ പ്രതിയായ ഒരാൾക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കഴിയുക എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.

2017-ൽ ഓടുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ഈ കേസിൽ സത്യം പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.


സംഭവത്തിന്റെ യഥാർത്ഥ വസ്തുതയും, കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായ ഗൂഢാലോചനയും, വെളിച്ചത്തു കൊണ്ടു വരാൻ, നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സിബിഐ കേസ് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു ദിലീപിന്റെ വാദം.
2017 ഏപ്രിൽ 17-ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും, ലൈംഗികാതിക്രമം പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ല. ഇതു കണ്ടെത്തുന്നതിനായി അന്വേഷണം തുടരണമായിരുന്നുവെന്നും ദിലീപ് വാദിച്ചു. ‘നിങ്ങൾ ഈ റിട്ട് ഹർജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നു’ എന്ന് ഡിവിഷൻ ബെഞ്ച് ദിലീപിനോട് പറഞ്ഞു. വിചാരണ പൂർത്തിയായെന്നും പ്രോസിക്യൂഷന്റെ വാദങ്ങൾ അവസാനിച്ചുവെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. വർഷങ്ങളായി കേസ് ആവർത്തിച്ച് മാറ്റിവയ്ക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി, അന്തിമ വാദം കേൾക്കലിനായി കേസ് ഏപ്രിൽ 7 ലേക്ക് മാറ്റിവച്ചു.























