എമ്പുരാനിലെ സർപ്രൈസ് പുറത്തുവിട്ടു; ‘എൽ 3’യിലെ പ്രധാന താരം

എമ്പുരാൻ തിയറ്ററുകളില്‍ മികച്ച വിജയം നേടിക്കൊണ്ടിരിക്കുമ്പോള്‍ പുതിയ സര്‍പ്രൈസ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്റ്റീഫനെക്കുറിച്ച് ലൂസിഫറില്‍ അവതരിപ്പിക്കപ്പെട്ട നിഗൂഢതകളില്‍ ഒന്നായിരുന്നു ഏറെ പ്രിയപ്പെട്ടവര്‍ക്ക് പോലും 15 വയസ് മുതല്‍ 41 വയസ് വരെ അയാള്‍ എവിടെ ആയിരുന്നുവെന്ന് അറിയില്ല എന്നത്. ഫാസില്‍ അവതരിപ്പിച്ച നെടുമ്പള്ളി അച്ഛന്‍റെ ഡയലോഗിലൂടെയാണ് പ്രേക്ഷകരിലേക്ക് തിരക്കഥാകൃത്ത് ഇക്കാര്യം കമ്യൂണിക്കേറ്റ് ചെയ്തത്. പ്രണവ് ചിത്രത്തില്‍ ഉണ്ട് എന്ന കാര്യം എമ്പുരാന്‍ ആദ്യ ദിന പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു. ചിത്രത്തിലെ പ്രതിനായകന്‍ ആരാണെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇത്തരമൊരു സാന്നിധ്യത്തെക്കുറിച്ച് റിലീസിന് മുന്‍പ് സിനിമാപ്രേമികള്‍ ഭാവന ചെയ്തിരുന്നില്ല.

അതേസമയം റീ സെന്‍സറിംഗിലേക്ക് നയിച്ച വിവാദങ്ങള്‍ക്കിടയിലും ചിത്രം വന്‍ കളക്ഷനാണ് നേടുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രമായി മാറിയിരുന്നു എമ്പുരാന്‍. വെറും അഞ്ച് ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ ഈ നേട്ടം.