കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി ഇന്ന്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുമുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധിക്കുക. ഒന്നാം പ്രതി പൾസർ സുനി, മാർട്ടിൻ, മണികണ്ഠൻ, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ.

20 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. ജഡ്ജി ഹണി എം.വർഗീസാണ് പ്രതികൾക്കുള്ള ശിക്ഷ വിധിക്കുക. എട്ടാംപ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ വിധിന്യായത്തിൽനിന്ന് അറിയാം. നടപടിക്രമങ്ങൾ രാവിലെ 11ന് ആരംഭിക്കും. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം (ഐപിസി) പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗക്കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉൾപ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.


രാവിലെ 11ന് ജഡ്ജി കോടതി മുറിയിലെത്തിയാൽ ഒന്നു മുതൽ ആറു വരെ പ്രതികളായ എൻ.എസ്.സുനിൽ കുമാർ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നിവരോട് പ്രതിക്കൂട്ടിൽ കയറി നിൽക്കാൻ ആവശ്യപ്പെടും. തുടർന്ന് ഓരോ വകുപ്പുകളായി പ്രതികൾക്കെതിരെയുള്ള കുറ്റവും അതിനുള്ള ശിക്ഷയും വ്യക്തമാക്കും. നടപടിക്രമങ്ങളുടെ ഭാഗമായി പ്രതികൾക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി കേൾക്കും. കുറ്റകൃത്യത്തിന് നൽകുന്ന ശിക്ഷയിൻമേൽ എന്താണ് പറയാനുള്ളതെന്ന് കോടതി കേൾക്കും. കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.























