മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീൽ (91) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ഓടെ മഹാരാഷ്ട്രയിലെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1972ൽ കോൺഗ്രസ് ടിക്കറ്റിൽ മഹാരാഷ്ട്ര നിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്.

പിന്നീട് സംസ്ഥാന മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ച ശേഷം 1980-ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്‌സഭാംഗമായിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രി പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ ലോക്‌സഭ സ്പീക്കറായിരുന്നു ശിവരാജ് പാട്ടീൽ.

2004-ലെ തെരഞ്ഞെടുപ്പിൽ ലാത്തൂരിൽ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു. തുടർന്ന് 2004-ൽ തന്നെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗമായി. 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.