അഹമ്മദാബാദ് വിമാനാപകടം ; ഗുജറാത്ത് മുൻ മുഖ്യമന്ത്രിയടക്കം 45 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി തുടങ്ങി. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 45 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചു. 248 പേരിൽ നിന്നാണ് ഇതുവരെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചത്. അതിൽ വിദേശികളും ഉൾപ്പെടും. തിരിച്ചറിഞ്ഞ പത്തോളം പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മകള്‍ക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായായിരുന്നു വിജയ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടത്. ഇതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നത്.

അപകടത്തിൽ മരിച്ച മലയാളി പുല്ലാട് സ്വദേശി രജിതയുടെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ ബന്ധുക്കൾക്ക് കൈമാറും. രജിതയുടെ സഹോദരൻ രഞ്ജിത്ത് അഹമ്മദാബാദിൽ തുടരുകയാണ്. രജിതയുടെ മരണത്തിൽ അഹമ്മദാബാദ് കേരള സമാജം അനുശോചനം രേഖപ്പെടുത്തി. ഇതുവരെ അപകടത്തിൽ 274 ന് അടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഗുജറാത്ത് സർക്കാരിന്റെ കണക്ക്.

ജൂണ്‍ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്.