ന്യൂഡൽഹി: ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയർലൈൻസ് വിമാനത്തിൽ തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലഖ്‍നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നത്.

ഉടനെ തന്നെ വിമാനം അടിയന്തരമായി നിർത്തിയശേഷം യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ ഫയർഫോഴ്സെത്തി തീ ഉടനെ കെടുത്തിയതിനാൽ അപകടമൊഴിവായി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഹൈഡ്രോളിക് സംവിധാനത്തിലെ ചോർച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

























