മംഗലാപുരം: കന്നഡ ബിഗ് ബജറ്റ് ചിത്രം കാന്താരയുടെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞു. സംവിധായകൻ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അദ്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. ബോട്ട് റിസർവോയറിൽ മറിയുകയായിരുന്നു. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാഗത്താണ് അപകടം നടന്നത് എന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം ചിത്രീകരണത്തിനുപയോഗിക്കുന്ന ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.

അപകടം നടന്നതിന് തൊട്ടുപിന്നാലെ, തീർത്ഥഹള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബോട്ട് മറിയാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “ബോട്ട് മറിഞ്ഞപ്പോൾ എല്ലാവരും പരിഭ്രാന്തരായി, എന്നാൽ വെള്ളത്തിന് ആഴം കുറവായിരുന്നതിനാൽ ഞങ്ങൾക്ക് സുരക്ഷിതമായി കരയിലെത്താൻ കഴിഞ്ഞു,” ക്രൂ അംഗത്തെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തതിങ്ങനെ. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അണിയറപ്രവർത്തകൻ പറഞ്ഞു.

























