ഹൈദരാബാദ്: നടൻ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വീട്ടിലെത്തിയാണ് അല്ലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അല്ലുവിനെ ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. ഇതിനിടെ അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ രേവതിയും മകൻ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


ഇതിന് പിന്നാലെ അപകടം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമ, തിയറ്റർ മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് ശേഷമാണ് അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അല്ലു കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.























