ഒരുമിച്ച് നടന്നവർ ഒന്നിച്ച് മടങ്ങി; കരിമ്പ അപകടത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ കബറടക്കി

പാലക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി മരിച്ച നാല് പെൺകുട്ടികൾ ഇനി ഓർമ്മ. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് കൂട്ടുകാരികൾക്കും ഖബറൊരുങ്ങിയത്. കുഞ്ഞുനാൾ മുതലുള്ള കൂട്ടുകാർ അവസാനയാത്രയിലും ഒന്നിച്ചു. പെയ്തുതോരാത്ത സങ്കടപ്പെരുമഴയിൽ, നാടൊന്നാകെ അവർ നാല് പേർക്കും അന്ത്യയാത്രമൊഴി ചൊല്ലി.

രാവിലെ എട്ടര മുതൽ കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനം നടന്നു. സ്‌കൂളിൽ പൊതുദർശനമുണ്ടായിരുന്നില്ല. കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളായ നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ സഹിക്കാനാകാതെ വീട്ടുകാർ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങൾ നാട്ടുകാരുടെയാകെ ഉള്ളുലച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എംബി രാജേഷ്, മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവർ കുട്ടികളുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പനയംപാടത്ത് വെച്ച് ലോറി മറിഞ്ഞ് കുട്ടികൾ മരിച്ചത്. പരീക്ഷയിലെ ചോദ്യങ്ങൾക്ക് അവരെഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കി മിഠായി നുണഞ്ഞ് അവരങ്ങനെ നടക്കുകയായിരുന്നു.പിന്നിലൂടെ വന്ന ലോറി അവരുടെ ജീവനെടുക്കുകയായിരുന്നു.