അഭിനേതാക്കൾ പ്രതിഫലം കുറക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി ‘അമ്മ’

കൊച്ചി: അഭിനേതാക്കൾ പ്രതിഫലം കുറക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’. സമരതീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും ചലച്ചിത്ര താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നതും നിർമിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സംഘടന വ്യക്തമാക്കുന്നു.

ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസിൽ ജോസഫ്, അൻസിബ, ടൊവിനോ തോമസ്, സായ്കുമാർ, വിജയരാഘവൻ തുടങ്ങിയ താരങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ ‘അമ്മ’ ഓഫീസിൽ എത്തിയിരുന്നു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് നിർണായക യോഗം വിളിച്ച് ചേർത്തത്. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരയോഗം വിളിച്ച് ചേർത്തത്.

പ്രതിഫലം തവണകളായി നൽകുന്നത് സംബന്ധിച്ച് ചില നിബന്ധനകൾ നിർമാതാക്കളുടെ സംഘടന മുന്നോട്ട് വെച്ചിരുന്നു. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾക്കോ നിലപാട് മയപ്പെടുത്തുന്നതിനോ ‘അമ്മ’ തയാറാകുമോ എന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അതേസമയം, തിങ്കളാഴ്ച ഉച്ചക്ക് ശേഷം നിർമാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരും. ‘അമ്മ’ യോഗത്തിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത തീരുമാനത്തിലേക്ക് കടക്കണോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയായേക്കും.