വേടനെതിരെ വീണ്ടും പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതികൾ

തിരുവനന്തപുരം: റാപ്പർ ഹിരൺദാസ് മുരളി എന്ന വേടനെതിരെ വീണ്ടും പീഡന പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും പരാതി വന്നത്. രണ്ടു യുവതികളും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു.

2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. രണ്ടാമത്തെ പരാതി 2021ലെ സംഭവവുമായി ബന്ധപ്പെട്ടാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ വേടൻ ഇപ്പോൾ ഒളിവിലാണ്. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ പല തവണകളായി വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു ബലാത്സംഗക്കേസിന് ആധാരമായ യുവ ഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകിയ ശേഷമായിരുന്നു പീഡനം. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളർത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.