കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കണ്ണൂർ മുതുകുട സ്വദേശി നബീസയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വീട്ടിൽ കിടന്നുറങ്ങുന്ന സമയത്ത് വീട്ടിനകത്ത് വച്ചുതന്നെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. ആദ്യഘട്ടത്തിൽ പാമ്പുകടിച്ചതാണെന്ന് മനസിലായിരുന്നില്ല. ശാരീരികാസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ പാടുകളുമുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്.

ശ്വാസകോശത്തിനെ അടക്കം ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. അതേസമയം, കൊല്ലത്ത് യുവാവിന് പാമ്പു കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് പാമ്പ് കടിയേറ്റത്. വിഷമില്ലാത്ത ചുരുട്ട ഇനത്തിൽപെട്ട പാമ്പാണ് കടിച്ചത്. സുദേവൻ കൊല്ലം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നു.


എറണാകുളം ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയ യുവതിക്ക് പാമ്പിന്റെ കടിയേറ്റു. കോയമ്പത്തൂർ സ്വദേശിനി ശാർമിളയെ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.























