ട്രെയിൻ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: മുതിർന്ന മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിന്റെ ഡയറക്ടറായിരുന്ന വിഇ ബാലകൃഷ്ണനാണ് ( 68) അറസ്റ്റിലായത്. കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.

ഏപ്രിൽ 18-നായിരുന്നു സംഭവം. ടിവി ചാനലിലെ മാധ്യമപ്രവർത്തകയായ യുവതി യാത്ര ചെയ്ത അതേ ട്രെയിനിൽ തന്നെയായിരുന്നു ബാലകൃഷ്ണനും ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഇയാൾ മോശമായി പെരുമാറിയതിനെത്തുടർന്ന് യുവതി റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബാലകൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയും ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 75(2) (ലൈംഗികാതിക്രമം) പ്രകാരം കേസെടുക്കുകയും ചെയ്തു. ബാലകൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. അറസ്റ്റിലായതിനെത്തുടർന്ന് അദ്ദേഹത്തെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതായി കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. മുൻപ് കേരള കൗമുദി ദിനപത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.