അൻസിബ മൊഴി നൽകി; ലക്ഷ്മിപ്രിയ തിങ്കളാഴ്ച രാവിലെ ഹാജരാകണമെന്ന് പോലീസ്

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ മൊഴി നൽകി. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നൽകിയത്. തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മയിൽ നിന്നും നടി ലക്ഷ്മിപ്രിയയിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ള തുടർനടപടിയാണ് ഇത്. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കുമുൻപാണ് പോലീസ് സ്റ്റേഷനിൽവെച്ച് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി പോലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയ ശേഷം തൃക്കാക്കര എസിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അൻസിബ എത്തി മൊഴി നൽകിയത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തൃക്കാക്കര എസിപിക്ക് മൊഴി നൽകിയശേഷം പുറത്തുവന്ന അൻസിബ മാധ്യമങ്ങളെ കണ്ടിരുന്നു. തനിക്ക് ധരിപ്പിക്കാനുള്ള എല്ലാ കാര്യങ്ങളും എസിപിയോട് പറഞ്ഞുവെന്നും ടിനി ടോമിനെതിരെ നിയമനടപടിക്ക് നീങ്ങുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമേ ഉണ്ടാവുകയുള്ളൂ എന്നും അവർ വ്യക്തമാക്കി. അൻസിബയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിലെ വനിതാ സെൽ എസ്ഐ രേഷ്മ എന്നിവരുടെ മൊഴിയെടുക്കുമെന്ന് എസിപി മനോജ്കുമാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ലക്ഷ്മിപ്രിയയോട് എസിപി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അൻസിബ ഹസന് ചില മോശമായിട്ടുള്ള അനുഭവങ്ങൾ ഉണ്ടായി എന്നുള്ളതാണ് പരാതിയിലെ പ്രധാനപ്പെട്ട കാര്യം. ആരോപണ വിധേയയായിട്ടുള്ള വനിതാ സെല്ലിലെ എസ്ഐ രേഷ്മയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തുന്നുണ്ട്. എന്നിട്ട് യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കുമെന്നും എസിപി പ്രതികരിച്ചു.