കൊച്ചി: സിഎംആർ എൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസിലെ ഇഡി അന്വേഷണത്തിൽ സ്റ്റേ ഇല്ല. ഇഡി അന്വേഷണത്തിൽ സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇഡിക്ക് അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അടിസ്ഥാനമായ കേസ് ഇല്ലാതെയാണ് ഇഡി സമൻസ് അയക്കൽ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോയതെന്ന് സിഎംആർഎല്ലിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാർത്ഥ് ലൂത്ര പറഞ്ഞു. തുടർന്ന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയിൽ വിശദീകരിച്ചു.

രണ്ടു വർഷത്തോളം നീണ്ട കേസായതിനാൽ ഇനി വൈകിപ്പിക്കേണ്ടതില്ലെന്നും, ഇന്നു തന്നെ വിശദമായ വാദം കേൾക്കാമെന്നും ഹൈക്കോടതി ഇരു കൂട്ടരെയും അറിയിച്ചു. ഇന്നു തന്നെ വിശദമായ വാദം കേൾക്കാമെന്ന് രണ്ടു കൂട്ടരും കോടതിയിൽ സമ്മതിച്ചു. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജരായത്. കേസിന്റെ വാദം പൂർത്തിയാകുന്നതു വരെ ഇഡി അന്വേഷണത്തിൽ താൽക്കാലിക സ്റ്റേ വേണമെന്ന സിഎംആർഎല്ലിൻറെ ആവശ്യം കോടതി നിരാകരിച്ചു. നിലവിലെ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടുപോകാവുന്നതാണെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവനും, കെ വി ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

























