കൊച്ചി: വിവാദങ്ങള്‍ക്കിടയിലും നേട്ടങ്ങളുമായി എമ്പുരാൻ. തീയറ്ററില്‍ നിന്നും 250 കോടി നേടിയ ആദ്യ മലയാള ചിത്രം എന്ന നേട്ടം എമ്പുരാന്‍ നേടിയിരിക്കുന്നത് എന്ന് ആശീര്‍വാദ് സിനിമാസ് പോസ്റ്റര്‍ പങ്കുവച്ചു. ഇതിന് പിന്നാലെ ആന്‍റണി പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ വൈറലാകുന്നു. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ ?’ എന്ന് പറഞ്ഞാണ് പൃഥ്വിയെ കെട്ടിപ്പിടിക്കുന്ന നിമിഷങ്ങള്‍ ആന്‍റണി പങ്കുവച്ചിരിക്കുന്നത്. എന്തായാലും വിജയാഘോഷം പ്രേക്ഷകര്‍ ഏറ്റെടുത്തു എന്ന രീതിയിലാണ് പോസ്റ്റിന് വരുന്ന കമന്‍റുകള്‍. അതേ സമയം ആന്‍റണിക്കും, പൃഥ്വിരാജിനും ഇന്‍കംടാക്സ് നോട്ടീസ് ലഭിച്ചുവെന്ന വാര്‍ത്തയെയും ഇതിനോട് ചേര്‍ത്ത് വയ്ക്കുന്നവരുണ്ട്.

അതേ സമയം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഗ്രോസ് കളക്ഷന്‍ ഇപ്പോള്‍ എമ്പുരാന്‍റെ പേരിലാണ്. ഏറ്റവും വലിയ ഓപണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചതും ഈ ചിത്രമാണ്. പല വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനും. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിട്ടുള്ള കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

























