സുരേഷ് ​ഗോപിയെ അനുകരിച്ചത് ട്രോളായി; ഒടുവിൽ വിശദീകരണവുമായി ടിനി ടോം

സുരേഷ് ​ഗോപിയെ വേദിയിൽ അനുകരിച്ച് വീഡിയോ വൈറലായതോടെ വിശദീകരണവുമായി ടിനി ടോം രംഗത്ത്. ഒരു ഉദ്ഘാടനപരിപാടിയിൽ അവതരിപ്പിച്ച മിമിക്രിയുടെ ചില ഭാ​ഗങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളായി പ്രചരിക്കുകയായിരുന്നു. ഒടുവിൽ വിശദീകരണവുമായി താരം നേരിട്ടെത്തി. താൻ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ പൂർണരൂപത്തിൽ പുറത്തുവിടുകയും ചെയ്തു ടിനി ടോം.

ജബൽപുർ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന സുരേഷ് ​ഗോപിയെയാണ് ഒരു ഉദ്ഘാടനച്ചടങ്ങിൽ ടിനി ടോം അവതരിപ്പിച്ചത്. തൃശ്ശൂരിനെക്കുറിച്ചുള്ള സുരേഷ് ​ഗോപിയുടെ ഒരു പ്രസം​ഗവും ടിനി ഇതിനൊപ്പം അവതരിപ്പിച്ചിരുന്നു. ഈ ഭാ​ഗം മാത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോൾ രൂപത്തിൽ പ്രചരിക്കുകയായിരുന്നു.

ഉദ്ഘാടനച്ചടങ്ങിൽവെച്ച് തന്നെക്കൊണ്ട് നിർബന്ധപൂർവം സുരേഷ് ​ഗോപിയെ അനുകരിപ്പിക്കുകയായിരുന്നെന്ന് ടിനി ടോം വ്യക്തമാക്കി. അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത്. സുരേഷ് ​ഗോപി തനിക്ക് എന്നും എപ്പോഴും സഹോദര തുല്യനാണെന്നും ചടങ്ങിന്റെ വീഡിയോയുടെ പൂർണരൂപം പുറത്തുവിട്ടുകൊണ്ട് ടിനി ടോം കുറിച്ചു.